1470-490

ചികിത്സയ്ക്കെത്തിയ യുവാക്കൾ സംഘർഷാവസ്ഥയുണ്ടാക്കി. ഒ.പി. ബ്ലോക്കിന്റെ ചില്ലുകൾ തകർത്തു.

പെരിന്തൽമണ്ണ: പരിക്കേറ്റയാളുമായി ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവാക്കൾ സംഘർഷാവസ്ഥയുണ്ടാക്കി. ഒ.പി. ബ്ലോക്കിന്റെ ചില്ലുകൾ തകർത്തു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ചികിത്സയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വനിതാ ഡോക്ടറോട് വാക്കേറ്റമുണ്ടാകുകയായിരുന്നു. ആനമങ്ങാട് സ്വദേശികളായ നാല്‌ യുവാക്കളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. കാൽമുട്ടിൽ മുറിവുമായെത്തിയ യുവാവിനെ ഡോക്ടർ പരിശോധിക്കുകയും മുറിവിൽ തുന്നലിടണമെന്ന് നിർദേശിക്കുകയുമായിരുന്നു. തുന്നലിടുന്നതിന് യുവാവ് വിസമ്മതം അറിയിച്ചു. പുറത്തിറങ്ങിയതോടെ സംഘത്തിലെ മറ്റൊരാളെത്തി ഡോക്ടറെ അസഭ്യം പറയുകയും വാക്കേറ്റമുണ്ടാവുകയുംചെയ്തു. ഇതിനിടെ സംഘത്തിലെ ബാക്കിയുള്ളവർകൂടിയെത്തി ഭീഷണി മുഴക്കുകയും ഒ.പി. ബ്ലോക്കിന്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സുരക്ഷാജീവനക്കാരനും നഴ്സിങ് അസിസ്റ്റന്റും ചേർന്ന് തടഞ്ഞു. ഇതോടെ ഇവരെയും സംഘം മർദിച്ചു. തുടർന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ യുവാക്കളുടെ പേരിൽ കേസെടുത്തു. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

Comments are closed.