1470-490

വിയ്യൂർ സെൻട്രൽ ജയിൽ കൗണ്ടറിൽ മാസ്‌ക്കും സാനിറ്റൈസറും വിൽപ്പനയ്ക്ക്

വിയ്യൂർ സെൻട്രൽ ജയിലിൽ നിർമ്മിക്കുന്ന തുണികൊണ്ടുള്ള മാസ്‌ക്കുകളുടേയും ഫ്രീഡം സാനിറ്റൈസറിന്റെയും വിൽപന ജയിലിന് മുന്നിലെ കൗണ്ടറിൽ ആരംഭിച്ചു. പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള മാസ്‌ക്കുകളും ഡിസ്പോസിബിൾ മാസ്‌ക്കുകളുമാണ് ജയിലിൽ ഉൽപ്പാദിപ്പിക്കുന്നത്. പ്രതിദിനം 1500 ലധികം മാസ്‌ക്കുകളാണ് ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. ജയിലിലെ 30 തടവുകാർ ഇതുമായി ബന്ധപ്പെട്ട് പകലും രാത്രിയും പ്രവർത്തിച്ചുവരുന്നു. തുണികൊണ്ടുള്ള മാസ്‌ക്കിന് 10 രൂപയും ഡിസ്പോസബിൾ മാസ്‌ക്കിന് അഞ്ചു രൂപയുമാണ് വില. കൗണ്ടറിൽ നിന്നും ഒരാൾക്ക് ഒരു മാസ്‌ക്ക് മാത്രമേ ലഭിക്കൂ. ജയിലിൽ നിർമ്മിച്ച ഫ്രീഡം സാനിറ്റൈസർ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. 100 മില്ലി ലിറ്റർ ബോട്ടിലിന് 100 രൂപയാണ് വില. സെന്റ് തോമസ് കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി റിസർച്ച് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് സാനിറ്റൈസർ നിർമ്മിക്കുന്നത്. 300 ബോട്ടിൽ സാനിറ്റൈസറാണ് വിൽപനയ്ക്കായി നൽകുന്നത്.ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് എം എം ഹാരിസ്, അസിസ്റ്റന്റ് സൂപ്രണ്ട് എം പ്രിയൻ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ശ്രീനാഥ് നന്ദൻ, മുരളീധരൻ കല്ലാടൻ, എം കെ കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് മാസ്‌ക്കുകൾ നിർമ്മിക്കുന്നത്.ജയിൽ സൂപ്രണ്ട് ആർ എസ് രാജേഷ് കുമാർ, വെൽഫയർ ഓഫീസർ സജി സൈമൺ, സെന്റ് തോമസ് കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപകൻ പി ഡി സനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് സാനിറ്റൈസർ നിർമ്മാണം പുരോഗമിക്കുന്നത്.

Comments are closed.