1470-490

കളരിപ്പയറ്റിന് പ്രത്യേക പരിഗണന ധനസഹായം, സ്‌കോളർഷിപ്പ്


ന്യൂഡൽഹി: കളരിപ്പയറ്റ് അടക്കമുള്ള തദ്ദേശീയ അയോധന കലകളെ യുവജന ക്ഷേമ കായിക മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ലോകസഭയിൽ രേഖാമൂലം അറിയിച്ചു. കളരിപ്പയറ്റുമായി ബന്ധപ്പെട്ട ഗവേഷണ പഠനങ്ങൾക്ക് ഒരു ആസ്ഥാനം കേരളത്തിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടി എൻ പ്രതാപൻ എം പി ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. 
ഇന്ത്യൻ കളരിപ്പയറ്റ് അസോസിയേഷനെ പ്രാദേശിക പരമ്പരാഗത കായിക കല ഫെഡറേഷനായി കായിക മന്ത്രാലയം പ്രത്യേക പരിഗണിക്കുന്നതിന് പുറമെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ തദ്ദേശീയ കായിക വിനോദ, ആയോധന കലാ പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതിക്ക് കീഴിൽ ദേശീയ തലത്തിൽ മത്സരങ്ങളും സംഘടിപ്പിചു വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഖേലോ ഇന്ത്യയുടെ ഭാഗമായി പരിഗണിക്കുന്ന കായിക ഇനങ്ങളിൽ കളരിപ്പയറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. കളരിപ്പയറ്റ് പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾക്കും, പരിശീലകർക്കും പ്രത്യേക ധാനസഹായമ നൽകാനും കേന്ദ്ര സർക്കാരിന് കീഴിൽ പദ്ധതികളുണ്ട്. 
തിരുവന്തപുരത്തും ആറന്മുളയിലും രണ്ട് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലേക്ക് 80 ലക്ഷം രൂപയും ഈ കേന്ദ്രങ്ങളിൽ പരിശീലകരെ നിയമിക്കുന്നതിനായി ഒരാൾക്ക് അഞ്ച് ലക്ഷം രൂപ വരെ കണക്കാക്കി മൂന്ന് സാമ്പത്തിക വർഷത്തിലേക്കായി 60 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്. ഇത് 2020-2021 സാമ്പത്തിക വര്ഷം വരെയാണ് കണക്കാക്കിയിരിക്കുന്നത്. കൂടാതെ, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ നടത്തുന്ന മത്സരങ്ങളിൽ ജേതാക്കളാകുന്ന 73 പേർക്ക് പതിനായിരം രൂപയുടെ പ്രത്യേക സ്‌കോളർഷിപ്പും ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.   

Comments are closed.