മതിലകത്ത് 9 പേരുടെ ഫലം നെഗറ്റീവ്

കോവിഡ് 19 :മതിലകത്ത് 9 പേരുടെ ഫലം നെഗറ്റീവ്;ഐസൊലേഷനിൽ രണ്ടുപേർ മാത്രംമതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിരീക്ഷണത്തിലിരുന്ന 11 പേരിൽ ഒൻപത് പേരുടെയും ഫലം നെഗറ്റീവ്. ഇതോടെ ഐസൊലേഷനിൽ കഴിഞ്ഞിരുന്നവരുടെ എണ്ണം രണ്ടായി കുറഞ്ഞു. ഇതിൽ ഒരാൾ തൃശ്ശൂർ ജനറൽ ആശുപത്രിയിലും മറ്റൊരാൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് സ്ഥിരീകരിച്ച യുവാവിനോടൊപ്പമുണ്ടായിരുന്ന ബന്ധുവും നെഗറ്റീവ് ഫലം ലഭിച്ചവരിൽ ഉൾപ്പെടും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1013 ആണ്. 274-കൂളിമുട്ടം, 168-കയ്പമംഗലം, 158- മാടവന, 146 ചാമക്കാല, 136- പെരിഞ്ഞനം, 106- പടിഞ്ഞാറേ വെമ്പല്ലൂർ, 75-എടവിലങ്ങ് എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ അവഗണിക്കുന്നവരെ നിയമാനുസൃതം നേരിടണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പൊലീസിന് നിർദേശം നൽകി. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ വീടുകളിൽ എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസറും അറിയിച്ചു. ഹാൻഡ് സാനിറ്റൈസറിന്റെ കുറവ് നികത്താനുള്ള ശ്രമങ്ങളും ആരംഭിക്കും. ദിവസേന വാർഡുതല കമ്മിറ്റി കൂടി പ്രവർത്തനങ്ങൾ മെഡിക്കൽ ഓഫീസറെ അറിയിക്കണം. പെരിഞ്ഞനം സിഎച്ച്സി, ചാമക്കാല, കയ്പമംഗലം, പി വെമ്പല്ലൂർ പിഎച്ച്സികൾ, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, എറിയാടുള്ള പഴയ കരിക്കുളം ആശുപത്രി എന്നിവ പരിശോധിച്ച് അത്യാവശ്യ ഘട്ടം വന്നാൽ ചികിത്സക്കുള്ള സൗകര്യം മുൻകൂറായി ഒരുക്കാൻ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.ഡിജിറ്റൽ ടെമ്പറേച്ചർ, സ്‌കാനർ എന്നിവ കൂടുതലായി വാങ്ങുവാനും നിർദ്ദേശിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് വരുന്നവരുടെ വിവരങ്ങൾ ഡിഎംഒയിൽ നിന്ന് ശേഖരിച്ച് പൊലീസിന് കൈമാറണം. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പും പൊലീസും കൂടുതലായി ബോധവൽക്കരണം നടത്തണം. സാമൂഹ്യ വ്യാപനം തടയുവാൻ പൊതുപരിപാടികളും മതപരമായ പരിപാടികളും ഒഴിവാക്കണം. ജനങ്ങൾക്ക് പുറത്തിറങ്ങാൻ വയ്യാത്ത സാഹചര്യത്തിൽ മൈക്രോ സംരംഭങ്ങൾക്കായി സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളിൽ ഇളവ് ലഭിക്കാൻ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകാനും യോഗം തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, വൈസ് പ്രസിഡന്റ് ലൈന അനിൽ, പെരിഞ്ഞനം സി എച്ച് സി സൂപ്രണ്ട് ഡോക്ടർ സാനു എം പരമേശ്വരൻ, മതിലകം എസ്ഐ സൂരജ് കെ എസ്, കൊടുങ്ങല്ലൂർ ഡെപ്യൂട്ടി തഹസിൽദാർ ഈസാബിൻ അബ്ദുൾ കരീം, മതിലകം പോലീസ് സ്റ്റേഷൻ സി പി ഒ അജന്ത കെ ആർ, പി എം ഹസ്സൻ, ടി എം ജ്യോതി പ്രകാശൻ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
Comments are closed.