1470-490

കോവിഡ് 19: പ്രധനമന്ത്രിക്ക് ടി എൻ പ്രതാപൻ എം പിയുടെ തുറന്ന കത്ത്


ന്യൂഡൽഹി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന നടത്തിയതിനു പിന്നാലെ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി ടി എൻ പ്രതാപൻ എം പി. 
പ്രധാനമന്ത്രിയുടെ പ്രസംഗം കണ്ടുവെന്നും ചില സംശയങ്ങളും ആശങ്കകളും ഉണ്ടെന്നും അതിനാൽ ഒരു തുറന്ന കത്തെഴുതുകയാണെന്നും ടി എൻ പ്രതാപൻ എം പി പറയുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പുറമെ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ആദ്യം മലയാളത്തിൽ കത്തിന്റെ ഉള്ളടക്കം പ്രതാപൻ പങ്കുവെച്ചിരുന്നു. പിന്നീടാണ് ഇംഗ്ലീഷിലുള്ള  കത്ത്  ഇന്നലെ  പ്രധാനമന്ത്രിയുടെ ഒഫീസിൽ എത്തിച്ചത്.
ആറുപത് വയസ്സുള്ളവർ പുറത്തിരിങ്ങരുതെന്ന് പ്രധാനമന്ത്രി ഉപദേശിക്കുമ്പോൾ അതെന്തുകൊണ്ടാണ് പാർലമെന്റിനും മറ്റു നിയമനിർമ്മാണ സഭകൾക്കും ബാധകമാകാത്തതെന്ന് പ്രതാപൻ ചോദിക്കുന്നു.
കൊറോണ വൈറസ് ആരോഗ്യ രംഗം മാത്രമല്ല, സാമ്പത്തിക സാമൂഹിക രംഗത്ത് മുഴുവൻ നാശം വിതക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ആശ്വാസ പാക്കേജ് ഉണ്ടാകുമെന്ന് കരുതിയിരുന്നെന്നും നിരാശനായെന്നും കത്തിലുണ്ട്. കേരളത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജനപ്രധിനിതികളുമായി ചർച്ച നടത്തുകയും അത് സംസ്ഥാനത്തെ മുഴുവൻ ജനങ്ങളോടുമുള്ള ചർച്ചയാക്കി തത്വത്തിൽ മാറ്റുകയും ചെയ്തിരുന്നു. പോരാത്തതിന് 20000 കോടി രൂപയുടെ ക്ഷേമ പാക്കേജും പ്രഖ്യാപിച്ചു. പ്രതാപൻ പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു. 
രാജ്യത്ത് ഭക്ഷണം, മരുന്ന്, അവശ്യ വസ്തുക്കൾ, വൈദ്യുതി തുടങ്ങിയവക്ക് സൗജന്യ നിരക്കിലോ മറ്റോ വിതരണം ചെയ്യുമെന്നുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കരുതിയിരുന്നു. പക്ഷെ, ഉണ്ടായില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് ഇപ്പോഴും മടങ്ങി വരാൻ കഴിയാത്ത ഇന്ത്യക്കാർക്ക് തിരിച്ചു വരാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിനെ കുറിച്ചും എന്തെങ്കിലും പറയണമായിരുന്നു. പ്രതാപൻ തന്റെ കത്തിൽ പറയുന്നു.
ഇറ്റലിയിലും സ്പെയിനിലും എല്ലാം ജനങ്ങൾ സ്വമേധയാ ചെയ്ത അഭിനന്ദന പരിപാടിയൊക്കെ ഇവിടെ പ്രധാനമന്ത്രി ജനങ്ങളെ കൊണ്ട് പറഞ്ഞ് ചെയ്യിപ്പിക്കുന്നത് ആശ്ചര്യമുളവാക്കുന്നതായും കത്തിൽ ഉണ്ട്. 

Comments are closed.