1470-490

കോവിഡ് 19 പ്രതിരോധം ഭാഗമാകാൻ പേപ്പർ സോപ്പും

കോവിഡ് 19പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒല്ലൂർ വൈലോപ്പിള്ളി ശ്രീധര മേനോൻ മെമ്മോറിയൽ ഗവൺമെന്റ് വൊക്കേഷനൽ സ്‌കൂളിലെ വിദ്യാർത്ഥികൾ പേപ്പർ സോപ്പ് നിർമ്മിച്ച് താരങ്ങളായി.ഡെറ്റോൾ സോപ്പ് ട്രെയിസിങ് പേപ്പറിൽ പതിപ്പിച്ച്, ട്രേസിങ് പേപ്പർ തീരെ ചെറിയ കഷണങ്ങളാക്കി മാറ്റിയാണ് പേപ്പർ സോപ്പ് നിർമ്മാണം. പത്ത് കഷണങ്ങളാക്കിയാണ് ഒരു ട്രേസിങ് പേപ്പറിനെ മുറിക്കുന്നത്. ഇങ്ങനെ മുറിച്ചു കഷണങ്ങളാക്കിയ ട്രേസിംഗ് പേപ്പറുകൾ സ്റ്റേപ്പിൾ ചെയ്ത് ഉറപ്പിച്ച് കൂടെ കൊണ്ടു നടക്കാം. ഏതു സമയത്തു വേണമെങ്കിലും ഓരോ കഷണങ്ങൾ ഉപയോഗിക്കാം. ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാൽ പേപ്പർ അലിഞ്ഞുപോകും.ഡെറ്റോൾ നല്ലൊരു അണുവിമുക്ത ഉപാധിയായതുകൊണ്ടാണ് ഇത് ഉപയോഗിച്ചുകൊണ്ടുള്ള പേപ്പർ സോപ്പ് നിർമ്മിക്കുന്നത്. കടലാസുകൊണ്ട് നിർമ്മിക്കുന്നതിനാൽ മലിനീകരണവും ഒരു പരിധിവരെ തടയാൻ സാധിക്കും. ഒല്ലൂർ വൈലോപ്പിള്ളി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റായ ‘കൂടെ’ യാണ് പേപ്പർസോപ്പ് നിർമ്മിച്ചത്.ഇതിനുപുറമേ അമ്മമാരുടെ സഹകരണത്തോടെ തുണികൊണ്ടുള്ള മാസ്‌ക്കുകൾ തയ്ക്കുന്നുണ്ട്.കോട്ടൻ തുണിയും ഇലാസ്റ്റിക്കും വിദ്യാർഥിനികൾക്ക് നൽകിയപ്പോൾ അവർ വീട്ടിൽ നിന്ന് മാസ്‌ക്കുകൾ നിർമ്മിച്ച് തിരിച്ചുനൽകി. തുണികൊണ്ടുള്ള ഇരുനൂറോളം മാസ്‌ക്കുകളാണ് വിദ്യാർത്ഥിനികൾ നിർമ്മിച്ചത്.പ്രിൻസിപ്പൽ സ്മിത കെ എസ്, എൻഎസ്എസ് കോഡിനേറ്റർ മഞ്ജു കെ എൻ, അധ്യാപകനായ ഹരിലാൽ എന്നിവരാണ് വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Comments are closed.