കോവിഡ് 19: വ്യാപിക്കുന്നത് തടയാൻ റാപിഡ് റെസ്പോൺസ് ടീം രൂപീകരിക്കും : ജില്ലാ കളക്ടർ

ഹോം ക്വാറന്റൈനിലുള്ളവർ കാലാവധി തീരുന്നതുവരെ വീടുകളിൽ ഐസോലേഷൻ പ്രോട്ടോക്കോൾ പ്രകാരം തങ്ങുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും രോഗവ്യാപനം തടയുന്നതിനും റാപിഡ് റെസ്പോൺസ് ടീം രൂപീകരിക്കണമെന്ന് കളക്ടർ എസ് ഷാനവാസ് നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വാർഡുകളും പ്രത്യേകം ചുമതലപ്പെടുത്തിയ മെമ്പർമാർ, കൗൺസിലർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആശാ വർക്കർ, പാലിയേറ്റീവ് വളണ്ടിയർ എന്നിവർ അടങ്ങുന്ന സംഘമാണ് രൂപീകരിക്കേണ്ടത്. ഇതോടനുബന്ധിച്ച് തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ അംഗങ്ങളുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തി വാർഡ് തലത്തിലുള്ള കമ്മിറ്റിയുടെ വിവരങ്ങൾ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധികാരപരിധിയിൽ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള നടപടികൾ ഗ്രാമപഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ സെക്രട്ടറിമാർ അടിയന്തരമായി സ്വീകരിക്കണം. ഹോം ക്വാറന്റൈനിലുള്ളവരിൽ പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ നിരീക്ഷണം നടത്തേണ്ട ടീമിൽ നിർബന്ധമായും ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തണം. ആർ ആർ ടി കൾ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), തൃശ്ശൂർ മുമ്പാകെ വ്യക്തമായ റിപ്പോർട്ട് കൃത്യമായി സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ഗ്രാമപഞ്ചായത്ത് തലങ്ങളിൽ മെഡിക്കൽ ഓഫീസറുടെയും മുൻസിപ്പൽ / കോർപ്പറേഷൻ മേഖലകളിൽ ഹെൽത്ത് ഓഫീസറുടെയും ചുമതലയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കോവിഡ് 19 ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നും എത്തുന്നവരുടെയും അവരുമായി അടുത്തിടപഴകുന്നവരുടെയും പട്ടിക തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തയ്യാറാക്കേണ്ടതാണെന്നും അവർക്ക് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ഹോം ക്വാറന്റൈൻ സംബന്ധിച്ച വിവരങ്ങൾ നൽകുകയും ഇവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. കാലാവധി മുഴുവൻ ഇവരെ വീട്ടിൽ തന്നെ തങ്ങാൻ പ്രേരിപ്പിക്കുന്നതിനും കുടുംബ- സാമൂഹ്യ പിന്തുണ നൽകുന്നതിനും പഞ്ചായത്ത് / വാർഡ് തലത്തിൽ സന്നദ്ധ പ്രവർത്തകർ / സന്നദ്ധസംഘടനകളെ വിന്യസിപ്പിക്കണമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് ആവശ്യപ്പെട്ടു.
Comments are closed.