1470-490

കോവിഡ് 19: മലപ്പുറം ജില്ലയില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

വളണ്ടിയര്‍മാര്‍ക്കും പൊലീസ് ഹൗസ് ഓഫീസര്‍മാര്‍ക്കും പരിശീലനം ഇന്ന്


കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ മുന്‍ കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ആരോഗ്യ ജാഗ്രത ഉറപ്പാക്കുകയും ലംഘിക്കുന്നവരെ കണ്ടെത്തുകയുമാണ് ലക്ഷ്യം. കോവിഡ് കെയര്‍ സെന്ററുകളില്‍ കൂടുതല്‍ പേരുടെ സേവനം ഉറപ്പാക്കും. സന്നദ്ധ സേവനത്തിനെത്തുന്നവര്‍ക്കും ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ഇന്ന് (മാര്‍ച്ച് 21) ഉച്ചക്കു ശേഷം 2.30ന് ആരോഗ്യ വകുപ്പ് വീഡിയോ കോണ്‍ഫറന്‍സ് വഴി ജാഗ്രത നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കും. ജില്ലയിലിപ്പോള്‍ 2,102 ഫീല്‍ഡ് തല സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. 23,088 വളണ്ടിയര്‍മാര്‍ ആരോഗ്യ വകുപ്പിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

Comments are closed.