1470-490

കോവിഡ് 19: മലപ്പുറം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി പൊലീസ് സേന


ആരോഗ്യ ജാഗ്രത ഉറപ്പാക്കാന്‍ ശുചീകരണത്തിലും കര്‍മ്മ നിരതരായി പൊലീസ് സേനാംഗങ്ങള്‍


കോവിഡ് 19 രോഗ വ്യാപനം തടയുന്നതില്‍ മലപ്പുറം ജില്ലയില്‍ പൊലീസിന്റെ സേവനം മാതൃകയാവുന്നു. ക്രമസമാധാന പാലനത്തിനൊപ്പം മുഴുവന്‍ സേനാംഗങ്ങളേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതു കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനൊപ്പം രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരുടെ വിവരങ്ങളും ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലിലും പൊലീസ് ആസ്ഥാനത്തും റിപ്പോര്‍ട്ടു ചെയ്യുന്നു.ക്രമസമാധാന പാലനം, കേസന്വേഷണം തുടങ്ങി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സേനാംഗങ്ങളും വ്യാപൃതരാണ്. ഇന്നലെ (മാര്‍ച്ച് 20) രാവിലെ പരേഡ് ഒഴിവാക്കി മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളുടേയും നേതൃത്വത്തില്‍ ജില്ലയിലെ ബസ് സ്റ്റാന്റുകളും കാത്തിരിപ്പു കേന്ദ്രങ്ങളും അണു വിമുക്തമാക്കി. മലപ്പുറത്ത് ഡി.പി.ഒ റോഡ് ബസ് സ്‌റ്റോപ്പില്‍ ജില്ലാ പൊലീസ് മേധാവി ശുചീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 36 പൊലീസ് സ്റ്റേഷനുകള്‍, അഞ്ച് ട്രാഫിക് യൂനിറ്റുകള്‍, എം.എസ്.പി, എ.ആര്‍. ക്യാമ്പുകള്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഈ മാസം 19ന് മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, ബസുകള്‍ തുടങ്ങിയ പൊതു യാത്രാ വാഹനങ്ങളും സേനാംഗങ്ങളുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കിയിരുന്നു.ബ്രെയ്ക്ക് ദ ചെയിന്‍ പരിപാടിയുടെ ഭാഗമായുള്ള ബോധവത്ക്കരണവും പൊലീസ് നടത്തുന്നുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ഭക്ഷ്യ വസ്തുക്കള്‍ ആവശ്യമായവര്‍ക്ക് ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസര്‍മാര്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ജാഗ്രത നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ജാഗ്രത നിര്‍ദേശം ലംഘിക്കല്‍, വ്യാജ പ്രചരണങ്ങള്‍ നടത്തല്‍ എന്നിവക്കെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612