കോവിഡ് 19: ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശദമാക്കി ജില്ലാഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. ആളുകൾ കൂട്ടമായി സംഘടിച്ച് രോഗം പടരുന്ന സാഹചര്യം ഒഴിവാക്കണം. കലാ കായിക മത്സരങ്ങൾ, പരിപാടികൾ, പരിശീലനങ്ങൾ, വാണിജ്യ വിപണന മേളകൾ, കാലിച്ചന്തകൾ എന്നിവ നടത്തുന്നതും സംഘടിപ്പിക്കുന്നതും ഒഴിവാക്കണം. കൂടുതൽ ആളുകൾ വരുന്ന ജിംനേഷ്യങ്ങൾ, പാർക്കുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു.മെഡിക്കൽ മാസ്‌ക്കുകൾ, ഹാൻഡ് വാഷുകൾ, സാനിറ്റൈസറുകൾ എന്നിവ വിൽപ്പനക്കാർ പൂഴ്ത്തിവെക്കുന്നതും അമിതവില ഈടാക്കുന്നതും നിയമ ലംഘനമാണെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ചികിത്സാ സ്ഥാപനങ്ങൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവയുടെ ചുമതലക്കാരും വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അധികൃതരും വിദേശവിനോദസഞ്ചാരികൾ ഇവിടങ്ങൾ സന്ദർശിക്കുന്നതിനായി എത്തുന്ന പക്ഷം 30 മിനുട്ടിനകം ആ വിവരം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കണം. ഹോംസ്റ്റേകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, ചികിത്സാ സ്ഥാപനങ്ങൾ എന്നിവയിലും ഫ്‌ളാറ്റുകൾ, റെസിഡൻസ് കോളനികൾ എന്നിവയടക്കമുള്ള താമസസ്ഥലങ്ങളിലും ഏത് സമയത്തും പരിശോധന നടത്തുന്നതാണെന്നും കളക്ടർ അറിയിച്ചു.സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും കോവിഡ് 19 വൈറസ് രോഗബാധയും ചികിൽസയുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നൽകുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. ജില്ലയിലെ റെയിൽവെ സ്റ്റേഷനുകൾ, കെ എസ് ആർ ടി സി സ്റ്റാന്റുകൾ, ചെക്ക് പോസ്റ്റുകൾ എന്നീ സ്ഥലങ്ങളിൽ കോവിഡ് 19 വൈറസ് രോഗബാധയുള്ളവരെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും അവബോധം വളർത്തുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
Comments are closed.