1470-490

സംസ്ഥാനത്ത് 40 പേര്‍ക്ക് കൊറോണ രോഗബാധ

സംസ്ഥാനത്ത് 40 പേര്‍ക്ക് കൊറോണ രോഗബാധ, ഇന്ന് മാത്രം രോഗം ബാധിച്ചത് 12 പേരെ: സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് ആറുപേര്‍ക്കും കൊച്ചിയില്‍ അഞ്ച് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാനത്ത് സ്ഥിതി ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ‘ജനത കര്‍ഫ്യു’വിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്നും ഞായറാഴ്ച ബസുകളൊന്നും ഓടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ പ്രത്യേകം ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാസര്‍കോട്ട് വിദേശത്ത് നിന്നും എത്തിയ ഒരാള്‍ നിയന്ത്രണം പാലിക്കാത്തതാണ് വിനയയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് ഉള്‍പ്പെടെയുള്ള ഒരുപാട് സ്ഥലങ്ങളില്‍ ഇയാള്‍ പോയിരുന്നു. പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങിലും പങ്കെടുക്കാനും ഫുട്ബോള്‍ മത്സരം കാണാനും ഇയാള്‍ പോയി. സംസ്ഥാനത്ത് എം.എല്‍.എമാര്‍ ഐസൊലേഷനില്‍ ആകാന്‍ കാരണവും ഈ വ്യക്തി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ താന്‍ ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച കാലത്തേക്ക് അടച്ചിടുമെന്നും കടകള്‍ രാവിലെ 11 മുതല്‍ അഞ്ച് മണി വരെ മാത്രമേ തുറന്നിടാവുള്ളൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. സ്‌കൂള്‍ അദ്ധ്യാപകര്‍ നാളെ മുതല്‍ സ്‌കൂളില്‍ വരേണ്ടതില്ല. എല്ലാവരും അതീവ ശ്രദ്ധയും കരുതലും പുലര്‍ത്തണം. കൊറോണ രോഗത്തിന്റെ വ്യാപനം ഒരു ഘട്ടം കടന്നതായി സംശയിക്കുന്നു. ആപത്തിലേക്ക് നീങ്ങിയാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരും. മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകള്‍ അഞ്ച് ദിവസം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ശനിയും ഞായറും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം നിശ്ചലമാകുമെന്നും മെട്രോകളും ആരാധനാലയങ്ങളും അടച്ചിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് ജുമാ നമസ്കാരം ഒഴിവാക്കണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ചിലര്‍ ഇപ്പോഴും പാലിക്കുന്നില്ല. നിയന്ത്രണങ്ങള്‍ പാലിക്കാത്തത് സമൂഹത്തെ ബാധിക്കും. മതചടങ്ങുകളിലെ നിയന്ത്രണവും ചിലര്‍ പാലിക്കുന്നില്ല. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങും. ഞായറാഴ്ച സ്വന്തം വീടുകളുടെ പരിസരം ശുചീകരിക്കണം. അദ്ദേഹം പറഞ്ഞു

Comments are closed.