1470-490

വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകി ചാവക്കാട് നഗരസഭ

ചാവക്കാട് നഗരസഭയിൽ കോവിഡ് 19 കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച നടത്തി. വിദേശങ്ങളിൽ നിന്നും നാട്ടിലെത്തിയവർ നിർബന്ധമായും 14 ദിവസം വീടിനുളളിൽ കഴിയണം. അക്കാര്യം ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടികൾ വാർഡ് തലത്തിൽ സ്വീകരിക്കും. കൈ കഴുകുന്നതിന് നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും. കൂടാതെ ബ്ലാങ്ങാട് മത്സ്യമാർക്കറ്റ്, താലൂക്ക് ആശുപത്രി, മുതുവട്ടൂർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും ശുചിത്വ പരിപാലനത്തിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും. കോവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ നഗരസഭയിൽ കാലതാമസം കൂടാതെ നടപ്പിലാക്കുന്നതിന് പ്രത്യേക സംഘത്തെ ഏർപ്പെടുത്തി.നഗരസഭാ ചെയർമാൻ എൻ. കെ. അക്ബർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. എച്ച്. സലാം, എം. ബി. രാജലക്ഷ്മി, എ. എ. മഹേന്ദ്രൻ, സബൂറ ബക്കർ, നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പോൾ തോമസ്, അസി.എഞ്ചിനീയർ ടി. ജെ ജെസ്സി, ജനറൽ വിഭാഗം സൂപ്രണ്ട് പി. ലത, റവന്യു വിഭാഗം സൂപ്രണ്ട് ആലീസ് കോശി എന്നവർ യോഗത്തിൽ പങ്കെടുത്തു.യോഗത്തിനുശേഷം 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായി നടത്തിയ വീഡിയോ കോൺഫറൻസ് തൽസമയം വീക്ഷിക്കുന്നതിന് കൗൺസിൽ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർക്ക് നഗരസഭയിൽ സൗകര്യം ഒരുക്കി.

Comments are closed.