36 കോടിയുടെ വാർഷിക പദ്ധതികളുമായി ചാവക്കാട് നഗരസഭ

ചാവക്കാട് നഗരസഭയുടെ 2020-21 വർഷത്തെ 36 കോടി രൂപയുടെ വാർഷിക പദ്ധതി അംഗീകരിച്ചു. പാർപ്പിട മേഖലയ്ക്ക് ഊന്നൽ നൽകിയാണ് പുതിയ ജനകീയാസൂത്രണ പദ്ധതികൾ രൂപകൽപ്പന ചെയ്തത്. പാർപ്പിട മേഖലയ്ക്ക് 10 കോടിയും പൊതുമരാമത്ത്, ഊർജ്ജം, ആരോഗ്യ മേഖല എന്നിവയ്ക്ക് അഞ്ച് കോടി വീതവുമാണ് വകയിരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയ്ക്ക് നാല് കോടിയും കൃഷിക്കും വനിതാ വികസനത്തിനും ശുചിത്വ മാലിന്യ സംസ്‌ക്കരണത്തിനും രണ്ട് കോടി വീതവും മാറ്റി വെച്ചു. പട്ടികജാതി വികസനം, കുടിവെള്ളം, മൃഗസംരക്ഷണം, ചെറുകിട വ്യവസായങ്ങൾ, സ്വയംതൊഴിൽ എന്നിവയ്ക്ക് ഓരോ കോടി വീതവും വകയിരുത്തി.ഭൂരഹിതർക്ക് സ്ഥലം വാങ്ങി ഫ്‌ളാറ്റ് നിർമ്മിക്കൽ, നഗരസഭ കെട്ടിടങ്ങളിൽ സൗരോർജ്ജ പാനൽ സ്ഥാപിക്കുക, വിശപ്പ് രഹിത നഗരം പദ്ധതി, പച്ചക്കറി മാർക്കറ്റിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം, മുതുവട്ടൂർ ഷോപ്പിംഗ് കോംപ്ലക്‌സ്, കിണർ റീചാർജ്ജിംഗ്, കുടിവെളള വിതരണം, താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സാ ഉപകരണങ്ങൾ, വാർഡുകളിൽ തെരുവ് വിളക്ക് സ്ഥാപിക്കൽ എന്നിവയാണ് 2020-21 വർഷത്തെ പ്രധാന പദ്ധതികളായി നഗരസഭ ഭരണസമിതി തീരുമാനിച്ചത്.കൗൺസിൽ യോഗത്തിൽ ചെയർമാൻ എൻ. കെ.അക്ബർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിൽ അംഗങ്ങളായ എ. എച്ച്. അക്ബർ, കാർത്ത്യായനി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.