1470-490

കൈ കഴുകൽ ചടങ്ങ് സംഘടനാ നേട്ടങ്ങളിലേക്ക് വഴിമാറുന്നതായി പരാതി

തിരുവനന്തപുരം:കോവിഡ്-19 വൈറസിനെതിരെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ നാട്ടിൻ പുറങ്ങളിൽ സംഘടന നേട്ടങ്ങൾക്ക് വേണ്ടി പ്രഹസനമാക്കുന്നതായി പരാതി. ആരോഗ്യ വകുപ്പ് 50 പേരിൽ കൂടുതൽ ഒന്നിക്കരുതെന്ന് കാണിച്ച് പുറപ്പെടുവിച്ച നിർദ്ദേശത്തെ മറപിടിച്ചാണ് പലരും കൈ കഴുകൽ ഉദ്ഘാടന മാമാങ്കങ്ങൾ വരെ പൊടിപൊടിക്കുന്നത്.

50ൽ കൂടുതൽ ആളുകൾ ഒന്നിച്ച് കൂടരുതെന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അത്യാവശ്യ ഘട്ടത്തിൽ മാത്രം പാലിക്കാൻ ഉള്ളതാണെന്നത് പലരും വിസ്മരിക്കുകയാണ്. ഇത്തരം ഉദ്ഘാടന ചടങ്ങുകളുടെ ഫോട്ടോകൾ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്, അതിൽ പലതും പത്തിൽ കൂടുതൽ ആളുകൾ ഉദ്ഘാടന സെഷനിൽ തന്നെ പങ്കാളികളാവുന്നതും, ബാക്കിയുള്ളവർ കാഴ്ചക്കാരായി കൂട്ടം ചേർന്ന് പങ്കെടുക്കുന്നതായാണ് കാണാൻ കഴിയുന്നത്. യാതൊരുവിധ മുൻകരുതലുകളും ഇല്ലാതെ രണ്ട് പേർ പരസ്പരം ഹസ്തദാനം നടത്തിയാൽ പോലും ഈ വൈറസ് വ്യാപനത്തിനുള്ള സാധ്യത ഉണ്ടെന്നിരിക്കെ ഇത്തരം രീതികളെയും നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നാണ് ആവശ്യം.

ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നവരും അതിന്റെ ഭാഗമാവാൻ എത്തുന്ന ജനപ്രതിനിധികൾ പോലും മുൻകരുതൽ ഒന്നും ഉപയോഗിക്കാതെയാണ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നത് എന്നുള്ളത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകാൻ വഴിവെക്കും എന്നതാണ് ആരോഗ്യരംഗത്തുള്ളവർ വിലയിരുത്തുന്നത്. 50 പേർ വരെ എന്നത് ഒഴിവാക്കാൻ സാധിക്കാത്ത ഘട്ടങ്ങളിൽ മാത്രമാണെന്നിരിക്കെ അതിന്റെ മറപിടിച്ച് 50ൽ താഴെ ആൾക്കാർ കൂട്ടം കൂടി നിൽക്കുന്ന പ്രവണതയെ കൂടി നിയന്ത്രിക്കാൻ ആരോഗ്യ വിഭാഗം വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Comments are closed.