1470-490

സെന്‍സസ്: കേന്ദ്ര സര്‍ക്കുലര്‍ മറച്ചുവെച്ച് മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുന്നു-എസ്.ഡി.പി.ഐ

കോഴിക്കോട്: സെന്‍സസ് എന്‍.പി.ആര്‍ അപ്‌ഡേഷന്റെ ഭാഗമാണെന്ന് സെന്‍സസ് അതോറിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോള്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സെന്‍സസിന്റെ കൂടെ എന്‍പിആര്‍ നടപ്പാക്കുകയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അര്‍ഥശൂന്യവും അപ്രായോഗികവുമാണ്. അപ്‌ഡേഷന്‍ ഓഫ് എന്‍.പി.ആര്‍ 2020 എന്ന കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. സെന്‍സസ് പ്രവര്‍ത്തനം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. അതിനാവശ്യമായ സൗകര്യമൊരുക്കി കൊടുക്കുകയെന്ന ഉത്തരവാദിത്തം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്. സെന്‍സസ് 2021 ന് വേണ്ടി രണ്ട് ഘട്ടമായി നടക്കുന്ന വിവര ശേഖരണത്തിന്റെ കൂടെ എന്‍.പി.ആര്‍ അപ്‌ഡേഷനും നടത്തുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സര്‍ക്കുലറുകളും വ്യക്തമാക്കുന്നുണ്ട്. പൗരത്വ നിയമത്തില്‍ 2003 ലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയോടൊപ്പമാണ് രാജ്യത്ത് എന്‍.പി.ആര്‍ ( നാഷണല്‍ പോപുലേഷന്‍ രജിസ്റ്റര്‍ ) തയ്യാറാക്കാനുള്ള തീരുമാനമുണ്ടായത്. 2011 ലെ സെന്‍സസിന്റെ കൂടെ ഈ പ്രവര്‍ത്തനവും ആരംഭിച്ചു. ആധാര്‍ നടപ്പാക്കിയതിന് ശേഷം ആധാറിലെ വിവരങ്ങള്‍ ചേര്‍ത്ത് എന്‍.പി.ആര്‍ അപ്‌ഡേറ്റ് ചെയ്തു. പുതിയ സെന്‍സസോടെ എന്‍.പി.ആര്‍ പൂര്‍ത്തിയാക്കുവാനും അതിനെ അടിസ്ഥാനമാക്കി പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി ) തയ്യാറാക്കുവാനുമാണ് ബിജെപി പദ്ധതി. അതുകൊണ്ട് തന്നെ സെന്‍സസ് നിരുപദ്രവകരമാണെന്ന വാദം സ്വീകാര്യമല്ല. സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമോ, അധികാരമോ ഇല്ലാത്ത കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലറിനും വിലയില്ല. ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായിരിക്കാം, എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിഗൂഢ പദ്ധതി മുഖ്യമന്ത്രി മറച്ചുവെക്കുന്നതെന്തിനാണെന്നു വ്യക്തമാക്കണം. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി സര്‍ക്കാരിനെ സഹായിക്കേണ്ട ബാധ്യത പിണറായി വിജയന് മേല്‍ വന്ന് ചേര്‍ന്നിരിക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. ഈ വിഷയത്തില്‍ പിണറായി വിജയന്റെ നടപടികളെല്ലാം ദുരൂഹവും സംശയാസ്പദവുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ച് കളിക്കെതിരെ വിമര്‍ശനമുയര്‍ന്ന ഘട്ടങ്ങളിലെല്ലാം പിണറായി പ്രകോപിതനാകുന്നു. നിയമസഭയ്ക്കകത്ത് പ്രതിപക്ഷം വിഷയം അവതരിപ്പിച്ചപ്പോഴുംപുറത്ത് ജസ്റ്റിസ് കമാല്‍ പാഷയെ പോലുള്ളവരുടെ വിമര്‍ശനങ്ങളിലും ഇത് പ്രകടമായി. കമാല്‍ പാഷക്കെതിരെ പരിധി വിട്ട പ്രകോപനമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ റഫറന്‍സായി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ [ G.O(M-s)No.218/2019/GAD, Dated 12.11.2019] ല്‍ വരുന്ന സെന്‍സസ് ഡേറ്റ എന്‍.പി.ആര്‍ അപ്‌ഡേഷന്‍ ചെയ്യുമെന്ന് വ്യക്തമാക്കുന്നു. ഇതു റദ്ദ് ചെയ്യാതെ എന്‍പിആര്‍ നടപ്പാക്കുന്നില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ 2019 ഡിസംബര്‍ 20 ന് ഇറക്കിയ സര്‍ക്കുലറിന്റെ സാംഗത്യത്തെ കുറിച്ച് പ്രതിപക്ഷം നിയമസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടി പറയാതെ പ്രകോപനം സൃഷ്ടിച്ച് ഒഴിഞ്ഞ് മാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഒടുവില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വക്ഷിയോഗം പോലും ദുരൂഹമാണ്. യോഗം വിളിക്കുവാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. പ്രതിപക്ഷവും വിവിധ മുസ്ലിം സംഘടനകളും ഉന്നയിച്ച ആശങ്കകളെ കുറിച്ച് ചര്‍ച്ച ഉണ്ടായില്ല.സെന്‍സസ് നടപ്പാക്കിയേ തീരൂവെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനാവുകയും അത് സര്‍വകക്ഷി തീരുമാനമെന്ന വ്യാജേന മാധ്യമങ്ങള്‍ക്ക് മുന്നില്‍അവതരിപ്പിക്കുകയുമാണ് ചെയ്തത്. ദുരൂഹത നിറഞ്ഞ നീക്കങ്ങളാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായി ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് നടക്കുന്നത് സെന്‍സസ് മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസനീയമല്ല.
എന്‍.പി.ആറും എന്‍.ആര്‍.സിയും ഉപേക്ഷിക്കാതെ സെന്‍സസ് നടത്തുകയില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുക്കണം. ഏത് തരം വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും ജനവികാരത്തോടൊപ്പം നില്‍ക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമാകാതെ സെന്‍സസ് നടപടികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകരുത്. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസൈന്‍, പി പി മൊയ്തീന്‍ കുഞ്ഞ് സംസാരിച്ചു.

Comments are closed.