1470-490

തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ 3088 പേർ

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ആകെ നിരീക്ഷണത്തിലുളളത് 3088 പേരാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3053 പേർ വീടുകളിലും 35 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത്. പത്ത് പേരെ ബുധനാഴ്ച (മാർച്ച് 18) പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന 13 പേരെ ഡിസ്ചാർജ്ജ് ചെയ്തു. ബുധനാഴ്ച (മാർച്ച് 18) 20 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതു വരെ 336 സാമ്പിളുകളാണ് ആകെ അയച്ചത്. ഇതിൽ 308 എണ്ണത്തിന്റെയും ഫലം ലഭിച്ചു. ബുധനാഴ്ച (മാർച്ച് 18) ലഭിച്ച 28 എണ്ണത്തിന്റെയും ഫലം നെഗറ്റീവാണ്. തൃശൂർ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച ഏഴ് സാമ്പിളുകളും ആലപ്പുഴയിൽ പരിശോധിച്ച 21 സാമ്പിളുകളും നെഗറ്റീവാണ്.വരുന്ന രണ്ടാഴ്ച കോവിഡിന്റെ സമൂഹവ്യാപനത്തിന് സാധ്യതയുളളതിനാൽ വളരെയധികം ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതുണ്ടെന്ന് കളക്ടർ പറഞ്ഞു. ശക്തമായ സാമൂഹ്യനിയന്ത്രണം പുലർത്തണം. ഈ സാഹചര്യത്തിൽ ജുമാമസ്ജിദുകളിലെ വെളളിയാഴ്ച നമസ്‌ക്കാരവും ക്രിസ്ത്യൻ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാർത്ഥനയും അടുത്ത രണ്ടാഴ്ചത്തേക്ക് കഴിയുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ജനങ്ങൾ ഒത്തുചേരുന്നത് ഒഴിവാക്കി ആരാധനകൾ ചടങ്ങ് മാത്രമായി നടത്താനാണ് അഭ്യർത്ഥന. ഇക്കാര്യത്തിൽ വിവിധ മത-സാമുദായിക നേതാക്കളുമായി നടത്തിയ ചർച്ചയിൽ അവർ അനുകൂലമായാണ് പ്രതികരിച്ചതെന്ന് കളക്ടർ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124