1470-490

മലപ്പുറം ജില്ലയില്‍ 3,137 പേര്‍ക്ക് നിരീക്ഷണം

മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതം

മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. 3,137 പേര്‍ക്കാണ് ഇത്തരത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 200 പേരും അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ 121 പേരും പ്രത്യേക നിരീക്ഷണത്തിലാണ്. നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരുമായി ഇടപഴകിയ 2,816 പേര്‍ക്കും വീടുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 241 സാമ്പിളുകളില്‍ 218 പേരുടെ ഫലം ലഭിച്ചതില്‍ രണ്ടുപേര്‍ക്കു മാത്രമാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന രണ്ടുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വ്യക്തമാക്കി. 1,662 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 18) മുതല്‍ പുതുതായി നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3,875 ആയി. 13 പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ടുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നുപേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നു. അഞ്ചു പേര്‍ കോവിഡ് കെയര്‍ സെന്ററിലും 3,862 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണ്. പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണയും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്നു നല്‍കുന്നുണ്ട്. 1,081 പേര്‍ക്കാണ് ഫോണ്‍ വഴിയുള്ള കൗണ്‍സലിങ് നല്‍കിയത്. തുടര്‍ സേവനം ആവശ്യമുള്ള 46 പേരുമായി വിദഗ്ധ സംഘം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ജില്ലയില്‍ കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വാര്‍ഡ് തലങ്ങളില്‍വരെ രൂപീകരിച്ച ജനകീയ ദ്രുത കര്‍മ്മ സംഘങ്ങള്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുടേയും വൈറസ്ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടേയും വീടുകളിലെ നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്നും ജില്ലാ അതിര്‍ത്തിയിലടക്കം റോഡുകളില്‍ നിന്നും പ്രത്യേക സംഘങ്ങള്‍ ശേഖരിക്കുന്ന, നിരീക്ഷണം ആവശ്യമായവരുടെ വിവരങ്ങള്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ക്ക് ലഭ്യമാക്കിയാണ് ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നത്. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതു കണ്ടെത്താന്‍ ജനമൈത്രി പൊലീസും പ്രാദേശികമായുള്ള പരിശോധന ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം പറഞ്ഞു.
ആരോഗ്യ ജാഗ്രതാ ഉറപ്പാക്കാന്‍ 2,258 ഫീല്‍ഡ് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 6,750 സന്നദ്ധ പ്രവര്‍ത്തകരും സേവനനിരതരാണ്. സ്‌ക്വാഡുകള്‍ ഇന്നലെ (മാര്‍ച്ച് 18) 305 വീടുകള്‍ സന്ദര്‍ശിച്ച് നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറി. ഇവര്‍ പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ടോയെന്നും സംഘം നിരീക്ഷിച്ചു വരികയാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ 18 സംഘങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഡോക്ടര്‍മാരുള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
എ.ഡി.എം. എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവരും ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ പങ്കെടുത്തു.

Comments are closed.