ക്ഷേത്ര പരിസരത്തെ അഗതികൾക്കെല്ലാം സുരക്ഷ ഉറപ്പാക്കാൻ സർക്കാരും നഗരസഭയും ദേവസ്വവും
ഗുരുവായൂര്‍: ക്ഷേത്ര പരിസരത്തെ അഗതികൾക്കെല്ലാം സുരക്ഷ ഉറപ്പാക്കാൻ സർക്കാരും നഗരസഭയും ദേവസ്വവും കൈകോർക്കും. ബുധനാഴ്ച 43പേരെ നഗരസഭയുടെ അഗതി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇതിന് പുറമെ 40പേർ കൂടി ക്ഷേത്ര പരിസരത്തുണ്ടെന്നാണ് സാമൂഹ്യ നീതി വകുപ്പിൻറെ കണക്ക്. ഇവരെ കൂടി സംരക്ഷിക്കാനാണ് പദ്ധതി. ഇതിനിടെ ചൊവ്വാഴ്ച രാത്രി അഗതിമന്ദിരത്തിലെത്തിയ പലരും തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം വീടുകളിലേക്കോ ബന്ധു വീടുകളിലേക്കോ പോകാൻ കഴിയുന്നവർക്ക് അതിനുള്ള സൗകര്യം നൽകുമെന്ന് അധികൃതർ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ എം.രതി, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എം.ബി. ഗിരീഷ്, എ.സി.പി ബിജു ഭാസ്കർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.വി. വിവിധ്, ഷൈലജ ദേവൻ, കൗൺസിലർ സുരേഷ് വാര്യർ, സെക്രട്ടറി എ.എസ്. ശ്രീകാന്ത് എന്നിവർ പങ്കെടുത്ത യോഗം ബുധനാഴ്ച അഗതി മന്ദിരത്തിൽ ചേർന്നു. പുതിയതായി എത്തിയവർക്ക് സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടന പ്രവർത്തകരും കൗൺസലിങ് നൽകി. നഗരസഭയുടെയും ദേവസ്വത്തിൻറെ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ രക്ത സാമ്പിളുകളും ശേഖരിച്ചു. കോവിഡ് പ്രതിരോധ കാലത്ത് ഇവരെ അലഞ്ഞുനടക്കാൻ വിടില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ പേരെത്തിയാൽ അവരെ സംരക്ഷിക്കാൻ ദേവസ്വവും സാമൂഹ്യ നീതി വകുപ്പും സഹകരിക്കും.
Comments are closed.