1470-490

കുന്നംകുളം കൗണ്‍സില്‍ യോഗത്തില്‍ ബഹളം.

കുന്നംകുളം: നഗരസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിനെ ചൊല്ലി കുന്നംകുളം കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഈ വര്‍ഷത്തെ ബജറ്റിന് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം. പ്രതിഷേധത്തിനൊടുവില്‍ യുഡിഎഫ് 
അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ചു.ചൊവ്വാഴ്ച രാവിലെ കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ച സമയത്താണ് യുഡിഎഫിലെ ജയ്‌സിംഗ് കൃഷ്ണന്‍ ബജറ്റ് സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചത്. നഗരസഭയില്‍ കഴിഞ്ഞ അഞ്ച് ഫിനാന്‍സ് കമ്മിറ്റി യോഗങ്ങളില്‍ ക്വാറം തികഞ്ഞില്ല എന്നും പുതിയ വര്‍ഷത്തെ ബജറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍  നടന്നിട്ടില്ലെന്നും ഇതുപ്രകാരം കമ്മിറ്റിയുടെ അംഗീകാരമില്ലാത്ത ബജറ്റ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നുമായിരുന്നു ജയ്‌സിംഗ് കൃഷ്ണന്റെ വാദം.നിയമപരമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്നും ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഇതിന് വിശദീകരണം നല്‍കി.യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ഏതാനും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു.ബജറ്റ് സംബന്ധമായ ചര്‍ച്ചകളില്‍ ഒന്നും തന്നെ ഇവര്‍ സഹകരിച്ചില്ല. യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ജനങ്ങളോടുള്ള പ്രതിബദ്ധത മാനിച്ചുകൊണ്ടെങ്കിലും ബജറ്റ് സംബന്ധമായ ചര്‍ച്ചകളില്‍ പങ്കെടുത്ത് സഹകരിക്കേണ്ടതായിരുന്നുവെന്ന് ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.തുടര്‍ന്ന് ഇതു സംബന്ധിച്ച വിശദീകരണത്തിനായി സര്‍ക്കാരിലേക്ക് അയയ്ക്കുകയും എക്‌സ് ഓഫീഷ്യ അംഗമെന്ന നിലയില്‍ ചെയര്‍പേഴ്‌സന്റെ സാന്നിധ്യം കൂടി കണക്കാക്കി കമ്മിറ്റിക്ക് ബജറ്റ് പാസാക്കാമെന്നും ചേയര്‍പേഴ്‌സണ്‍ പറഞ്ഞു..നിശ്ചിതസമയത്ത് ബജറ്റ് തയ്യാറാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് പണമൊന്നും നഗരസഭയ്ക്ക് ചെലവഴിക്കാന്‍ ആവില്ല.ഈ വിശദീകരണത്തില്‍ തൃപ്തരാകാതെ  യുഡിഎഫ് അംഗങ്ങള്‍ വൈസ്‌ചെയര്‍മാന് എതിരെയും ബജറ്റ് അവതരണത്തിന് എതിരെയും മുദ്രാവാക്യം മുഴക്കിക്കൊണ്ട്  നടുത്തളത്തില്‍ ഇറങ്ങുകയും ചേംബര്‍ ഉപരോധിക്കുകയും ആയിരുന്നു. തുടര്‍ന്ന് ഏറെ നേരം ഇവരുടെ പ്രതിഷേധം കൗണ്‍സില്‍ ഹാളില്‍ തുടര്‍ന്നു. ഇതൊടെ അജണ്ടകള്‍ എല്ലാം അംഗീകരിച്ചതായി അറിയിച്ച് ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ച് വിട്ടു.ചെയർപേഴ്സൺ സീതാ രവീന്ദ്രൻ യോഗത്തിൽ അധ്യക്ഷയായി.

Comments are closed.