1470-490

കൊറോണ: വ്യാജ വാർത്തകൾ പ്രചരിപ്പിച്ച 14 ഓൺ ലൈൻ മാധ്യമങ്ങൾക്ക്‌ എതിരെ നിയമ നടപടി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട്‌ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച 14 ഓൺ ലൈൻ മാധ്യമങ്ങൾക്ക്‌ എതിരെ നിയമ നടപടി സ്വീകരിക്കാൻ വിവര , പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചു. ഇലക്ട്രോണിക് മാധ്യമ നിയന്ത്രണ നിയമത്തിലെ 8/2016 ആം വകുപ്പ്‌ പ്രകാരമാണ് നടപടി. വിവര പ്രക്ഷേപണ മന്ത്രി മുഹമ്മദ്‌ അൽ ജാബിരിയാണ് ഇക്കാര്യം അറിയിച്ചത്‌. ഔദ്യോഗിക വിവരങ്ങൾക്ക്‌ വിരുദ്ധമായ
തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടിയെന്നും അദ്ധേഹം വ്യക്തമാക്കി. ഇവയുടെ പ്രവർത്തനങ്ങൾ മന്ത്രാലയം നിരീക്ഷിച്ചു വരികയായിരുന്നു. കൊറോണ ബാധ നേരിടുന്നതിനു സർക്കാർ നടത്തി വരുന്ന ശ്രമങ്ങൾക്ക്‌ പ്രതികൂലമായി ബാധിക്കുന്നതിനും ജനങ്ങളിൽ ആശയകുഴപ്പം ശൃഷ്ടിക്കുന്നതിനും ഇത്തരം പ്രചരണങ്ങൾ കാരണമായതായും മന്ത്രി അറിയിച്ചു. രാജ്യത്തിന്റെ യശസ്സിനെ കളങ്കപ്പെടുത്തുന്നതോ രാജ്യതാൽപര്യങ്ങൾക്ക്‌ ഹാനികരമായതോ ആയ യാതൊന്നും വെച്ചു പുലർത്തില്ലെന്നും അദ്ധേഹം മുന്നറിയിപ്പ്‌ നൽകി. കൊറോണ വൈറസ്‌ പശ്ചാത്തലത്തിൽ രാജ്യം കടന്നു പോകുന്ന അസാധാരണ സാഹചര്യത്തിൽ ഉത്തരവാദിത്തബോധത്തോടെ എല്ലാവരും പെരുമാറണമെന്നും ഭരണാധികാരികളുടെയും രാജ്യനിവാസികളുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

Comments are closed.