1470-490

തൃശൂർ നഗരത്തിന് കാവലായി 191 ആധുനിക സുരക്ഷ ക്യാമറകൾ സ്ഥാപിക്കും

തൃശൂർ നഗരം ക്യാമറ വലയത്താൽ സുരക്ഷിതമാകും. 150 കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും, നമ്പർ പ്ലേറ്റുകളും വരെ കണ്ടുപിടിക്കാവുന്ന രീതിയിലുള്ള 13 റിവോൾവിങ് ക്യാമറകളും 178 സി സി ടി വി ക്യാമറകളും ഉൾപ്പെടെ 191 ക്യാമറകളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുക. 5 കോടി 20 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര പൊതു മേഖല സ്ഥാപനമായ പാലക്കാട് ഐ ടി ഐ കമ്പനി മൂന്ന് മാസ കാലയളവിനുള്ളിൽ ഈ പദ്ധതി പൂർത്തീകരിക്കും. ക്യാമറ കണ്ണുകൾ തുറക്കുന്നതോടെ കോർപ്പറേഷൻ പരിധിയിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ, മോഷണങ്ങൾ, വാഹനങ്ങൾ ഇടിച്ചിട്ട് നിർത്താതെ പോകുന്ന സംഭവങ്ങൾ, അക്രമസംഭവങ്ങൾ തുടങ്ങിയവയ്ക്ക് ഇതോടെ അറുതി വരുമെന്നാണ് പ്രതീക്ഷപ്രധാന കവലകളിലാണ് 360 ഡിഗ്രി ചിത്രീകരണ സൗകര്യമുള്ള 13 പാൻ ടിൽറ്റ് സൂം റിവോൾവിങ് ക്യാമറകൾ സ്ഥാപിക്കുക. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ് സുരക്ഷ സംവിധാനമാണിതിന്റെ പ്രത്യേകത. ഇതിലൂടെ രാത്രിയിലും പകലും രജിസ്ട്രേഷൻ നമ്പറുകൾ തിരിച്ചറിയാൻ സാധിക്കും. മറ്റിടങ്ങളിൽ സി സി ടി വി പോലെ പ്രവർത്തിക്കുന്ന 178 ബുള്ളറ്റ് ഫിക്സഡ് ക്യാമറകളും സ്ഥാപിക്കും. ക്യാമറകളുടെ നിരീക്ഷണം സിറ്റി പോലീസ് കൺട്രോൾ റൂമിന്റ കീഴിലാണ്. സിറ്റി പോലീസ് കമ്മീഷണറേറ്റാണ് പദ്ധതി തയ്യാറാക്കി കോർപ്പറേഷന് സമർപ്പിച്ചത്.സ്വരാജ് റൗണ്ടിലും പരിസര പ്രദേശങ്ങളിലുമായി 44 ക്യാമറകൾ സ്ഥാപിക്കും. പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ക്യാമറകൾ പ്രവർത്തിപ്പിക്കാനും സംരക്ഷണം നൽകാനും സാങ്കേതിക കമ്മിറ്റിയെ നിയോഗിക്കും. ഇതോടെ മോഷണം, സംഘട്ടനം എന്നിവയെക്കുറിച്ചുള്ള ദൃശ്യ ശേഖരണം പൊലീസിന് എളുപ്പമാകും.

Comments are closed.