1470-490

സെൻസസിന്റെ മറവിൽ എൻപിആർ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക: പോപുലർ ഫ്രണ്ട്

കോഴിക്കോട്: സെൻസസ് 2021ന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻസിന്റെ കൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ) പ്രവർത്തനങ്ങൾ കൂടി നടത്താനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഈ സാഹചര്യത്തിൽ സെൻസസ് പ്രവർത്തനങ്ങൾ സർക്കാർ നിർത്തിവെക്കണമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.

സെൻസസിന്റെ കൂടെ എൻപിആർ നടത്തില്ലെന്ന് മുഖ്യമന്ത്രി ഉൾപ്പടെ വ്യക്തമാക്കിയതും ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കിയതുമൊക്കെ രാഷ്ട്രീയ തട്ടിപ്പ് മാത്രമാണ്. പ്രസ്താവനകളുടെ മറവിൽ എൻപിആർ പ്രവർത്തനങ്ങൾ സുഗമമായി നടത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

സെൻസസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവുകളിലെല്ലാം എൻപിആർ അപ്‌ഡേഷൻ കൂടി നടത്തണമെന്ന് നിഷ്കർശിക്കുന്നുണ്ട്. സെൻസെസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിട്ടുള്ളത് കേന്ദ്ര ഉത്തരവ് അനുസരിച്ചാണ്. ഈ ഉത്തരവിലും എൻപിആർ പ്രവർത്തനങ്ങൾ കൂടി നടത്തണമെന്ന് നിർദ്ദേശിക്കുന്നുണ്ട്.

ഈ ഉത്തരവുകളൊന്നും റദ്ദ് ചെയ്യാതെ എൻ പി ആർ നടപടികൾ നടത്തില്ലെന്ന് കേരള സർക്കാർ വിജ്ഞാപനമിറക്കിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ ഭാഗികമായെ നടപ്പിലാക്കുകയുള്ളൂ എന്ന് വരുത്തിത്തീർക്കുകയാണ് ഈ ഉത്തരവിലൂടെ. അതിനാവട്ടെ നിയമപരമായ നിലനിൽപ്പില്ല താനും.

സെൻസസിന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻസ് തന്നെയാണ് എൻപിആർ അപ്ഡേഷൻ എന്ന് ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളിലും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എൻ പി ആറിനായി പ്രത്യേക ചോദ്യങ്ങൾ ഉണ്ടാവില്ല എന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെൻറിൽ പറയുകയും ചെയ്തിട്ടുണ്ട്.

സെൻസസിന്റെ കൂടെ തന്നെ എൻപിആർ നടത്തുകയും ആ രേഖകൾ എൻപിആറിന്റെ പ്രാഥമിക രേഖകളായി പരിഗണിക്കുകയും പിന്നീട് എൻപിആർ തുടരുകയും ചെയ്യാനുള്ള ഒളിച്ചു കളിയാണ് ഇതിലൂടെ നടക്കുന്നതെന്നാണ് വ്യക്തമാവുന്നത്.

1948ലെ സെൻസസ് നിയമമനുസരിച്ച് സെൻസസ് രേഖകൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാനാവില്ല അത് മറികടക്കാൻ കൂടിയാണ് മുഴുവൻ വിജ്ഞാപനങ്ങളിലും എൻപിആർ കൂടി സൂചിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ സെൻസസ് വിവരങ്ങൾ എൻപിആറിന്റെ പ്രാഥമിക വിവരങ്ങൾ ആയി സർക്കാരിന് മാറ്റാൻ കഴിയും.

കേന്ദ്ര സർക്കാരിന്റെ ഈ ഗൂഢ പദ്ധതി അറിഞ്ഞു തന്നെയാണ് എൻപിആർ നടപ്പാക്കില്ലെന്ന് പ്രസ്താവന നടത്തി സെൻസസുമായി ജനങ്ങളെ സഹകരിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തുന്നത്. ഒന്നുകിൽ സർക്കാർ സത്യസന്ധമായ നിലപാടെടുത്ത് മുഴുവൻ കേരളീയരെയും ഒരുമിപ്പിച്ച് നിർത്തി സെൻസസ് അടക്കമുള്ള മുഴുവൻ സർവേകളോടും നിസ്സഹകരിച്ച് പുതിയ സമര മുഖം തുറക്കുക, അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനൊപ്പം നിൽക്കാനേ തങ്ങൾക്ക് കഴിയൂ എന്ന് തുറന്ന് സമ്മതിക്കുക. ചുരുങ്ങിയ പക്ഷം മുസ്‌ലിംകൾ അടക്കമുള്ള ഇരകൾക്ക് രക്ഷകവേഷം കെട്ടുന്നവരെ തിരിച്ചറിയാനെങ്കിലും അതുവഴി സാധിക്കും.

പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട ഭീതി നിലനിൽക്കുന്നതിനിടയിൽ അതിന്റെ ആശങ്കയെ വർദ്ധിപ്പിക്കുന്ന വിധം സെൻസസ് പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകരുതെന്നും കേന്ദ്ര സർക്കാരിൻറെ വർഗീയ വിഭജന അജണ്ട ക്കെതിരെ ആത്മാർത്ഥമായ നിലപാട് ഉണ്ടെങ്കിൽ സെൻസസ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, സെക്രട്ടറിമാരായ എസ് നിസാർ, പി പി റഫീഖ്, ട്രഷറർ കെ എച്ച് നാസർ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.