1470-490

വിട്ടു പോയവർക്ക് വീണ്ടും അവസരമൊരുക്കി സപ്ലൈകോ; ഓൺലൈൻ രജിസ്‌ട്രേഷൻ വെബ് സൈറ്റ് 18 ന് തുറക്കും

രജിസ്റ്റർ ചെയ്യാൻ വിട്ടുപോയവർക്ക് വീണ്ടും അവസരം നൽകി സപ്ലൈകോ. സപ്ലൈകോ ഓൺലൈൻ രജിസ്‌ട്രേഷൻ വെബ് സൈറ്റ് മാർച്ച് 18 രാവിലെ 11 മുതൽ മാർച്ച് 19ന് വൈകീട്ട് 5 വരെ കർഷകർക്ക് തുറന്നു കൊടുക്കും. കോൾ ഡബിൾ ഉൾപ്പെടെ ഇനിയും രജിസ്റ്റർ ചെയ്യാൻ വിട്ടു പോയവർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാനത്തെ അവസരമാണ് ഇതിലൂടെ നൽകുന്നത്. നെല്ല് സംഭരണത്തിനായി സപ്ലൈകോയുമായി 36 മില്ലുകളാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. സംഭരണത്തിനുള്ള രണ്ടാംഘട്ട ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 25നാണ് അവസാനിച്ചത്.ജില്ലയിൽ ഇതിനകം 41,940 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 31972 ടൺ നെല്ല് സംഭരിക്കാനും സപ്ലൈകോയ്ക്ക് സാധിച്ചിട്ടുണ്ട്. തൃശൂർ താലൂക്കിലാണ് ഏറ്റവും അധികം ആളുകൾ രജിസ്റ്റർ ചെയ്തത്. 18,059 പേർ. ചാലക്കുടി താലൂക്ക്-2623, ചാവക്കാട്-3640, കൊടുങ്ങല്ലൂർ-209, മുകുന്ദപുരം-4852, തലപ്പിള്ളി-12557 എന്നിങ്ങനെയാണ് മറ്റു താലൂക്കിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ എണ്ണം. 2020 ജൂണിലാണ് നെല്ല് സംഭരണം പൂർത്തിയാക്കുക. www.supplycopaddy.co.in എന്ന സൈറ്റ് വഴിയാണ് കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്. ജനുവരി മുതൽ കൊയ്ത്ത് പ്രതീക്ഷിക്കുന്ന കർഷകർക്കാണ് ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുക. കർഷകന്റെ പേര്, മേൽവിലാസം, കൃഷിസ്ഥലത്തിന്റെ വിസ്തീർണ്ണം, സർവേ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് ശാഖയുടെ പേര് (ഐ എഫ് എസ് കോഡ് ഉൾപ്പെടെ) തുടങ്ങിയ വിവരങ്ങളാണ് രജിസ്‌ട്രേഷന് ആവശ്യം. എൻആർഎ, എൻആർഒ, സീറോ ബാലൻസ് അക്കൗണ്ടുകൾ, ലോൺ അക്കൗണ്ടുകൾ, ഇടപാടുകൾ ഇല്ലാത്ത അക്കൗണ്ടുകൾ എന്നിവ രജിസ്‌ട്രേഷന് ഉപയോഗിക്കരുത്. ഉമ, ജ്യോതി, മട്ട, വെള്ള എന്നിവയ്ക്ക് പ്രത്യേകം രജിസ്‌ട്രേഷൻ നിർബന്ധമാണ്. താൽക്കാലിക കൃഷിയാണെങ്കിൽ ഭൂവടമയുടെ പേരും വിലാസവും ഉൾപ്പെടുത്തി നിശ്ചിതമാതൃകയിലുള്ള സത്യവാങ്മൂലം (മാതൃക വെബ്‌സൈറ്റിൽ ലഭ്യമാണ്) 200 രൂപയുടെ മുദ്രപത്രത്തിൽ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കണം. രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പ്രിന്റൗട്ട്, അനുബന്ധരേഖകൾ സഹിതം അതത് കൃഷിഭവനിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം സമർപ്പിക്കണം. വിത്ത് വിതച്ച് 60 ദിവസത്തിനകം രജിസ്‌ട്രേഷൻ നടപടികൾ നിർബന്ധമായും പൂർത്തിയാക്കണം. നെല്ല് സംഭരിക്കുന്ന തീയതി, സംഭരണകേന്ദ്രം എന്നിവ കർഷകരെ നേരിട്ട് അറിയിക്കും. സപ്ലൈക്കോയ്ക്ക് നെല്ല് നൽകുന്ന കർഷകൻ പിആർഎസ് ലഭിച്ചാലുടൻ രജിസ്റ്റർ ചെയ്ത ബാങ്കിൽ ഏൽപ്പിച്ച് ലോൺ നടപടികൾ പൂർത്തിയാക്കി തുക കൈപ്പറ്റേണ്ടതാണെന്നും അധികൃതർ അറിയിച്ചു. കർഷകർക്ക് സ്വകാര്യ മില്ലുകൾ നൽകുന്നതിനേക്കാൾ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നൽകുന്നത്. പുറത്ത് 18/19 രൂപ സംഭരണ വിലയായി നൽകുമ്പോൾ സപ്ലൈകോ നൽകുന്നത് കിലോഗ്രാമിന് 26.95 രൂപയാണ്. കേന്ദ്ര സർക്കാർ നൽകുന്ന 18.15 രൂപക്ക് പുറമെ സംസ്ഥാന സർക്കാർ നൽകുന്ന 8.80 രൂപ കൂടി ഉള്ളതു കൊണ്ടാണ് ഈ വില ലഭിക്കുന്നത്. കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക നിക്ഷേപിക്കുക.

Comments are closed.