1470-490

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് അറിയിച്ചു. കൊറോണ ഭീതിയെ തുടർന്ന് ഗുരുവായൂർ ക്ഷേത്രദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും ക്ഷേത്രം അടച്ചിട്ടതായും വ്യാജ വാർത്തകൾ പ്രചരിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചെയർമാൻ വിശദീകരണവുമായി രംഗത്തെത്തിയത്. ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആളുകൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട, ആറാട്ട് ചടങ്ങുകൾക്കു മാത്രമാണ് ഏതാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഉത്സവം അവസാനിച്ചതോടെ ആ നിയന്ത്രണങ്ങൾ ഇല്ലാതായെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്രോത്സവം കഴിഞ്ഞതോടെ ക്ഷേത്രത്തിൽ ഭക്തജന സാന്നിദ്ധ്യം വളരെ കുറവാണ്. വരും ദിവസങ്ങളിലും ഭക്തർ കുറവായാൽ ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്നത് 1.30 ന് പകരം 1 മണിയ്ക്ക് നട അടയ്ക്കുന്നതാണ്. തുടർന്ന് പതിവുപോലെ വൈകുന്നേരം 4.30 ന് നട തുറന്നാൽ സാധാരണപോലെ തൃപ്പുകയ്ക്കുശേഷം നട അടയ്ക്കുന്നതും തുടർന്ന് ക്യഷ്ണനാട്ടം കളിയുള്ള ദിവസങ്ങളിൽ കളി നടക്കുന്നതുമാണ്. മേൽപ്പത്തൂർ ഓഡിറ്റോറിയം ഈ മാസം 31 വരെ ബുക്ക് ചെയ്തിട്ടുള്ളവർക്ക് 31ന് ശേഷം പകരം തിയ്യതി അനുവദിയ്ക്കുകയോ, തുക തിരിച്ച് നൽകുകയോ ചെയ്യും. കൊറോണ ഭീതിയെ തുടർന്ന് നിലനിൽക്കുന്ന സാഹചര്യം മാറിയാൽ ഈ മാസം 31ന് ശേഷം ഇപ്പോൾ നിർത്തിവെച്ചിട്ടുള്ള പ്രഭാത ഭക്ഷണമടക്കമുള്ള പ്രസാദ ഊട്ട് പുനരാരംഭിയ്ക്കുന്നതുമാണ്.
  ക്ഷേത്രം തന്ത്രിയ്ക്ക് പുല വന്നതുമൂലം നീട്ടിവെച്ച മേൽശാന്തി ഇന്റർവ്യൂ 23 ന് രാവിലെ 8.30 ന് ദേവസ്വം ഓഫീസിൽ വെച്ച് നടത്തുന്നതും തുടർന്ന് ഉച്ചപൂജ കഴിഞ്ഞ് നടതുറക്കുന്ന സമയത്ത് നാലമ്പലത്തിനകത്തെ നമസ്‌കാര മണ്ഡപത്തിൽവെച്ച് നറുക്കെടുപ്പിലൂടെ മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതുമാണെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.

Comments are closed.