1470-490

മാർച്ച് 17: റൗലത്ത് ആക്ട് എന്ന കിരാത നിയമം ചുട്ടെടുത്ത ദിനം

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: മർച്ച് 17 സൂര്യനസ്ഥമിക്കാത്ത ബ്രിട്ടീഷ് സാമ്രാജിത്വത്തിനെതിരെ പോരാട്ടം നടത്തിയ ഒരു ജനതയെ അടിച്ചമർത്താൻ കൊണ്ട് വന്ന റൗലത്ത് ആക്ട് എന്ന നിയമം ജന്മം കൊണ്ട ദിനം.

1919 മാർച്ച് 17 ന് റൗലത്ത് ആക്ട് നിയമമായി മാറി.വർത്തമാനകാല ഇന്ത്യയിൽ കരിനിയമങ്ങളും, നിയമ ഭേദഗതികളും കൊണ്ട് സ്വന്തം ജനതയെ തന്നെ വേട്ടയാടുന്ന കാലത്ത് കച്ചവടത്തിനായി വന്നവർ നാടിനെ അടിച്ചൊതുക്കിയപ്പോൾ നേരിട്ട നിയമങ്ങൾ പുതിയ കാലത്ത് ചർച്ചയാകുമ്പോൾ നാടിൻ മോചന പോരാളികൾക്ക് പ്രചോദമാകും.

ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act).

ജസ്റ്റിസ് സിഡ്നി റൗലത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചായിരുന്നു ഒന്നാം ലോകയുദ്ധകാലത്തെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് (1915) റദ്ദാക്കിക്കൊണ്ട് സ്ഥിരം നിയമമായ റൗലത്ത് ആക്ട് നിലവിൽവന്നത്. ഈ നിയമം, ബ്രിട്ടീഷ് ഗവൺമെന്റിനെതിരേ പ്രവർത്തിക്കുന്നു എന്ന സംശയത്തിന്റെപേരിൽ ആരെയും അറസ്റ്റുചെയ്യാനും വിചാരണകൂടാതെ രണ്ടുവർഷംവരെ തടവിൽവെക്കാനും വാറന്റില്ലാതെ എവിടെയും കയറിച്ചെല്ലാനുമുള്ള അധികാരം പോലീസിനു നൽകുന്നതായിരുന്നു.

പത്രസ്വാതന്ത്ര്യത്തിലും നിയന്ത്രണങ്ങളേർപ്പെടുത്തിയ ഈ കിരാതനിയമത്തിനെതിരേ ഐകകണ്ഠ്യേന വോട്ടുചെയ്ത ഇന്ത്യൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായ മദൻ മോഹൻ മാളവ്യ, മുഹമ്മദ് അലി ജിന്ന, മസ്ഹർ ഉൾ ഹഖ് തുടങ്ങിയ നേതാക്കളുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് 1919 മാർച്ചിൽ റൗലത്ത് ആക്ട് നിയമമായിമാറി.

ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥാ മുൻകരുതലുകൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു ഈ നിയമം.

ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ഈ നിയമം സർക്കാരിന് അധികാരം നൽകി.

ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സർ സിഡ്നി റൗലറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മറ്റിയുടെ നിർദ്ദേശങ്ങളായിരുന്നു ഈ നിയമത്തിന് അടിസ്ഥാനമായത്.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള ഒരായുധമായിരുന്നു ബ്രിട്ടീഷ് അധികാരികൾക്ക് ഈ നിയമം.

മഹാത്മാ ഗാന്ധിയും മറ്റ് ഇന്ത്യൻ നേതാക്കളും ഈ നിയമത്തെ നിശിതമായി വിമർശിച്ചു. ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിൽ എല്ലാവരെയും ഒരു പോലെ ശിക്ഷിക്കുന്നത് ശരിയല്ല എന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം.

ഇന്ത്യൻ ദേശീയ നേതാക്കന്മാരും പൊതുജനങ്ങളും ഒരുപോലെ ഈ നിയമത്തിനെതിരെ ശബ്ദമുയർത്തി. ബ്രിട്ടീഷ് അധികാരികളാകട്ടെ അടിച്ചമർത്തൽ നടപടികളുമായി മുന്നോട്ടുപോയി.

നിയമപരമായ എതിർപ്പുകൊണ്ടു ഫലമില്ലാതെ വന്നപ്പോൾ നിയമത്തിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധസൂചകമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യാക്കാർ ഏപ്രിൽ 6-ന് ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു. എല്ലാ ഇന്ത്യാക്കാരും അന്നേ ദിവസം തങ്ങളുടെ തൊഴിലുകളിൽ നിന്ന് വിട്ടുനിൽക്കാനും ഉപവാസം അനുഷ്ഠിക്കാനും ദേശീയനേതാക്കൾ ആഹ്വാനം ചെയ്തു. ഈ സംഭവം റൗലറ്റ് സത്യാഗ്രഹം എന്നറിയപ്പെടുന്നു.

ഡൽഹി നഗരത്തിൽ ഹർത്താൽ വിജയകരമായിരുന്നെങ്കിലും വർദ്ധിച്ചുവന്ന സംഘർഷങ്ങൾ ആ തിളക്കത്തിന് മങ്ങലേൽപ്പിച്ചു.

രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ, പ്രത്യേകിച്ചും പഞ്ചാബ് തുടങ്ങിയ പ്രവിശ്യകളിൽ ബഹുജനപ്രക്ഷോഭങ്ങൾ പലപ്പോഴും അക്രമസംഭവങ്ങളിലേയ്ക്ക് വഴുതി വീണു.

ഇത് ഗാന്ധിജിയെ വളരെയേറെ വേദനിപ്പിച്ചു. പ്രതിഷേധസമരം പൂർണ്ണമായും അഹിംസയിൽ അധിഷ്ഠിതമായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇന്ത്യാക്കാർ പൂർണ്ണമായും സത്യാഗ്രഹത്തിന് തയ്യാറായിട്ടില്ല എന്നു കണ്ട ഗാന്ധിജി പ്രക്ഷോഭസമരം പിരിച്ചുവിട്ടു.

1919 മാർച് 17 ന് റൗലറ്റ് നിയമം പ്രാബല്യത്തിൽ വന്നു. പഞ്ചാബിലെ പ്രതിഷേധപ്രകടനങ്ങൾ താരതമ്യേന ശക്തമായിരുന്നു. ഏപ്രിൽ 10-ന് കോൺഗ്രസിന്റെ രണ്ടു പ്രമുഖ നേതാക്കളായിരുന്ന ഡോ. സത്യപാൽ, ഡോ. സൈഫുദ്ദീൻ കിച്ചലു എന്നിവർ അറസ്റ്റിലായി. അമൃത്സറിൽ സംഘടിപ്പിക്കപ്പെട്ട ഒരു പ്രതിഷേധപ്രകടനം കുപ്രസിദ്ധമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു.

അടിച്ചമർത്തൽ നിമയങ്ങളെക്കുറിച്ചുള്ള കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1922-ൽ ബ്രിട്ടീഷ് സർക്കാർ മറ്റ് ഇരുപത്തിമൂന്ന് നിയമങ്ങളോടൊപ്പം റൗലറ്റ് നിയമം റദ്ദുചെയ്യുകയുണ്ടായി.

തുടർച്ചയായ കരിനിയമത്തിനായുള്ള പോരാട്ടത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ ബ്രിട്ടീഷ് ഗവൺമെന്റിന് ആയില്ലന്നത് ഇന്നത്തെ ഭരണകൂട ഭീകരതക്കെതിരായുള്ള സമര പോരാളികൾക്ക് തിരിച്ചറിവ് ആവേശം പകരും.

അതിന് പക്ഷെ നാളുകൾ വേണ്ടിവരും.

റൗലത്ത് ആക്ടിന്റെ ഇരകളായി നിരവധി പേരാണ് രക്തസാക്ഷികളായത്. പക്ഷെ അവരുടെ രക്തം ഒരിക്കലും പാഴായില്ലന്ന് ചരിത്രം വിളിച്ച് പറയുന്നു. അത് തന്നെയാണ് ഇന്നിന്റെ പോരാട്ടവും നമ്മളോട് വിളിച്ച് പറയുന്നത്.

Comments are closed.