ഗിന്നസ് റെക്കോർഡിന്റെ തങ്കതിളക്കത്തിൽ കുന്നംകുളത്തിന്റെ അഭിമാന താരങ്ങൾ.

ശബ്ദാനുകരണ കലയിലെ പുത്തൻ പ്രതീക്ഷകളായ ബാദുഷ, ഷാലിൻ, ധനൂപ്, കൃഷ്ണ എന്നിവരാണ് ഗിന്നസ് റെക്കോർഡിലൂടെ കുന്നംകുളത്തിന്റെ അഭിമാന താരകങ്ങളായത്. ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പ്രോഗ്രമായ കോമഡി ഉത്സവത്തിലൂടെ മലയാളികൾ നെഞ്ചേറ്റിയവരാണ് ബാദുഷയും ഷാലിനും, ധനൂപും, കൃഷ്ണയും. എണമറ്റ വേദികളിൽ ഇവരുടെ കലാപ്രകടനങ്ങൾ ആസ്വദിച്ച ആരാധകർ ആയിരങ്ങളാണ്. ശബ്ദാനുകരണ കലയിൽ ഇടവേളകളില്ലാതെ തുടർച്ചയായി 12 മണിക്കൂർ നീണ്ട കല പ്രകടനം നടത്തിയതിനാണ് ഇവർക്ക് നാലു പേർക്കും ഗിന്നസ് റെക്കോർഡ് കരഗതമായത്. ഫ്ലവേഴ്സ് ചാനലിന്റെ ആഭിമുഖ്യത്തിൽ 2018 ഡിസംബർ 23 ന് അങ്കമാലി അഡ്ലസ് കൺവെൻഷൻ സെന്ററിലായിരുന്നു ഗിന്നസ് റെക്കോർഡിനായുള്ള കലാപ്രകടനം അരങ്ങേറിയത്. ചാനലിലെ കോമഡി ഉത്സവം പരിപാടിയിൽ മാറ്റുരച്ച കലാകാരൻമാരിൽ നിന്നും തിരത്തെടുത്തവരെയാണ് ഗിന്നസ് റെക്കോർഡിനായി തിരഞ്ഞെടുത്തിരുന്നത്. ഇതിൽ കുന്നംകുളത്തിന്റെ അഭിമാനങ്ങളായ ബാദുഷയും, ഷാലിനും, ധനൂപും, കൃഷ്ണയും ഇടം പിടിക്കുകയായിരുന്നു. കൊച്ചിൻ ഹനീഫയുടെയും, മാള അരവിന്ദന്റെയും, ജനാർദ്ദനന്റെയും ശബ്ദം അനുകരിച്ചാണ് ബാദുഷ ഗിന്നസ് റെക്കോർഡിന് അർഹനായത്. ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, മേഘനാഥൻ എന്നിവരുടെ ശബ്ദാനുകരണത്തിലൂടെ ഷാലിനും, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഉമ്മൻ ചാണ്ടി, വിനായകൻ എന്നിവരുടെ ശബ്ദം അനുകരിച്ച് ധനൂപും ഗിന്നസ് റെക്കോർഡിന്റെ ഭാഗമാകുകയായിരുന്നു. പ്രശസ്ത ഗായികമാരായ എസ്.ജാനകി, വാണി ജയറാം,റെനു മണ്ഡൽ, നടൻ വിനയ് ഫോർട്ട് എന്നിവരുടെ ശബ്ദാനുകരണമാണ് കൂട്ടത്തിലെ പെൺതരിയായ കൃഷ്ണയെ ഗിന്നസ് റെക്കോർഡിന് അർഹയാക്കിയത്. മിമിക്രി രംഗത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിയ ഈ കലാകാരുടെ സംഘത്തിന് ഗിന്നസ് റെക്കോർഡ് നൽകി ആദരിച്ചത് അർഹതയ്ക്കുള്ള അംഗീകാരമാണെന്നതിൽ ഇവരുടെ പ്രകടനം കണ്ട ആർക്കും സംശയമുണ്ടാകില്ല. ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള നൊട്ടോട്ടത്തിനിടയിൽ തങ്ങളുടെ കലാസപര്യയ്ക്കായി സമയം കണ്ടെത്തി മുന്നേറുന്ന ബാദുഷയുടെയും, ഷാലിന്റെയും, ധനൂപിന്റെയും പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്ന കൃഷ്ണയുടെയും കലാജീവിതത്തിനുള്ള അംഗീകാരമാണി ഗിന്നസ് അധികൃതർ കൈമാറിയ സർട്ടിഫിക്കറ്റും, മെഡലും. മുന്നോട്ടുള്ള കലാജീവിതത്തിന് ഇവർക്കിത് കൂടുതൽ കരുത്ത് പകരുമെന്ന കാര്യത്തിൽ സംശയമില്ല. നാടിന്റെ അഭിമാനമായി മാറിയ കലാകാരൻമാർക്ക് കൂടുതൽ കരുത്തോടെ കലാസപര്യയുമായി മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് ഗിന്നസ് റെക്കോർഡിലൂടെ കൈവന്നിരിക്കുന്നത്.
Comments are closed.