1470-490

ജാഗ്രതയോടെ കയ്പമംഗലം മണ്ഡലം; എല്ലാ പഞ്ചായത്തുകളിലും എമർജൻസി റെസ്പോൺസ് ടീം

കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കയ്പമംഗലം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എമർജൻസി റെസ്പോൺസ് ടീമിനെ നിയമിക്കുന്നു. അതത് പ്രസിഡന്റുമാർ ചെയർമാനായും ആശാവർക്കർമാരുടെ സി ഡി പി ഒ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഡോക്ടർമാർ ബന്ധപ്പെട്ട ആളുകൾ എന്നിങ്ങനെ നാലോ അഞ്ചോ പേരടങ്ങുന്ന ഒരു ടീമിനെയാണ് രൂപീകരിക്കുകയെന്ന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു. എടത്തിരുത്തി പഞ്ചായത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ജനങ്ങൾക്കുള്ള ഭീതിയും ആശങ്കയും ഒഴിവാക്കുന്നതിന് വീടുകൾ കയറിയിറങ്ങിയുള്ള ഡോർ ടു ഡോർ ക്യാമ്പയിനുകൾ രണ്ട് ദിവസങ്ങളിലായി നടക്കും. എല്ലാ വാർഡുകളിലും ഓരോ വാർഡ് മെമ്പർമാർ ചെയർമാനായുള്ള വാർഡ് തല കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനം വ്യാപിപ്പിക്കും. വയോജനങ്ങൾക്ക് പ്രാദേശിക പാലിയേറ്റീവ് കെയർ എന്ന സംവിധാനത്തിലൂടെ പ്രത്യേക ബോധവത്കരണവും നടപ്പാക്കും. കുടുംബശ്രീ, പോലീസ് എന്നിവരുടെ സഹകരണത്തോടെ അന്യസംസ്ഥാന തൊഴിലാളികളെ ബോധവത്ക്കരിക്കും. ഏത് നിമിഷവുംപ്രവർത്തനനിരതമാകുന്ന വിധത്തിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, ക്ലിനിക്കൽ ലാബ് എന്നിവയെ പൂർണമായും സജ്ജമാക്കാൻ ഓരോ പഞ്ചായത്തുകൾ ശ്രദ്ധിക്കണം. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് തുടക്കമിട്ടുകഴിഞ്ഞു. നിരീക്ഷണത്തിലുള്ള ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്.അനാവശ്യമായ ഭീതിയും തെറ്റായ രീതിയിലുള്ള മാസ്‌ക് ഉപയോഗവും ഒഴിവാക്കണം. വിദേശത്ത് നിന്നു വരുന്നവരെ പ്രത്യേകമായി ആശവർക്കർക്കർമാരുടെ നേതൃത്വത്തിൽ പ്രത്യേകമായി നിരീക്ഷിക്കണം. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹെൽപ്പ് ഡസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. ജനറൽ ഒ പി യുമായി ബന്ധം വരാത്ത രീതിയിലാകും ഇവയുടെ പ്രവർത്തനം. മുൻകരുതലുകൾ എടുക്കുക എന്നതിന് തന്നെയാണ് വൈറസ് ബാധക്കെതിരായുള്ള പ്രവർത്തനങ്ങളിൽ മുൻതൂക്കമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും അടിയന്തര യോഗം ചേർന്ന് പ്രവർത്തനം ഊർജ്ജിതമാക്കാനുള്ള നടപടികൾ വിലയിരുത്തി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ. നിധീഷ് കോലാന്ത്ര, ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, വിവിധ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573