1470-490

ദിവാൻജി മൂല മേൽപ്പാലം ഉദ്ഘാടനം ഏപ്രിൽ 15 ന് മുൻപ് : മേയർ അജിത ജയരാജൻ

തൃശൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ ദിവാൻജി മൂല കുറുവത്ത് റോഡിൽ നിർമ്മിക്കുന്ന ദിവാൻജി മൂല റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 15നുള്ളിൽ നടത്തുമെന്ന് മേയർ അജിത ജയരാജൻ പറഞ്ഞു. ഏറെ പ്രതിബന്ധങ്ങൾ തരണം ചെയ്തു നിർമ്മിച്ച മേൽപ്പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. 310 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ മേൽപ്പാലത്തിന് 7.56 കോടി രൂപയാണ് ചെലവ്. പണി പൂർത്തീകരിക്കുന്ന പക്ഷം 1.5 കോടി രൂപ ചിലവിൽ ബി എം ബി ബി സി മെക്കാഡം ഉപയോഗിച്ച് റോഡ് ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിനോടകം 90% നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു. 181 മീറ്റർ സൈഡ് വാൾ, 45 സെന്റിമീറ്റർ വിസ്തീർണത്തിൽ 104 പൈലിങ്, 250 മീറ്റർ കാന, ഒന്നര മീറ്റർ ഫുട്പാത്ത്, 80 മീറ്റർ സർവ്വീസ് റോഡ് നിർമാണവും ഇതിൽ ഉൾപ്പെടുന്നു. മേൽപ്പാലത്തിന്റെ അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. സ്ഥലത്തിന്റെ ഘടനയ്ക്കും പരിസരവാസികളുടെ ആവശ്യപ്രകാരവും നിലവിൽ ഉണ്ടായിരുന്ന കാന പുതുക്കി നിർമ്മിച്ചു. പരിസരത്തുള്ള വീടുകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും സർവീസ് റോഡ് നിർമ്മിക്കുകയും ചെയ്തു. മണ്ണിന്റെ ഉറപ്പ് സംബന്ധിച്ച് കൂടുതൽ പരിശോധനക്കായി മണ്ണ് പരിശോധന നടത്തി ബെയറിംഗ് കപ്പാസിറ്റി കുറവ് കണ്ടെത്തിയാതോടെ പൈൽ ഫൗണ്ടേഷൻ നടത്തി റീറ്റെയ്‌നിങ് വാൾ നിർമ്മിക്കുകയും ചെയ്തു. സമാന്തര റോഡിൽ നിന്നും പാലം വരെയുള്ള വഴി മണ്ണിട്ട് നിരത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കൂടെ പൂർത്തിയായാൽ ഉദ്ഘാടനം നടക്കും.

Comments are closed.