1470-490

കോവിഡ് 19: മലയാളി വിദ്യാർഥികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തി

ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കാമ്പസും ഹോസ്റ്റലും അടച്ച സാഹചര്യത്തിൽ ഹരിയാനയിലെ മഹീന്ദ്രഗർ കേന്ദ്ര സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് റയിൽവേ പ്രത്യേക കോച്ച് അനുവദിച്ചു. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ.എ സമ്പത്ത് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്ത് അയക്കുകയും കേന്ദ്ര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് വിദ്യാർഥികൾക്ക് മടങ്ങാൻ റയിൽവെ പ്രത്യേക കോച്ച് അനുവദിച്ചത്. ഇന്ന് (ഞായറാഴ്ച 15/03/2020) ഉച്ചക്ക് 1.40 നുള്ള 12484 അമൃത്സർ- കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ 40 ബർത്തുകളും 16 സിറ്റിംഗുകളുമായി അനുവദിക്കപ്പെട്ട പ്രത്യേക കോച്ചിൽ ജാമിയ മിലിയ സർവകലാശാലയിലെ ഒരു വിദ്യാർഥി ഉൾപ്പെടെ 52 വിദ്യാർഥികൾ ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. ഇവരിൽ 18 പേർ പെൺകുട്ടികളും 34 പേർ ആൺകുട്ടികളുമാണ്. വിദ്യാർഥികളെ യാത്രയാക്കാൻ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്തും പ്രോട്ടോക്കോൾ ഓഫീസർ സന്തോഷ്കുമാർ എസ്, ലെയ്സൺ ഓഫീസർ (ഇൻ ചാർജ് ) ശിവപ്രസാദ് തുടങ്ങിയവരും റയിൽവെ സ്റ്റേഷനിൽ എത്തിയിരുന്നു. വിദ്യാർഥികൾക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും പാക്കറ്റുകളിലാക്കി കേരള ഹൗസിൽ നിന്നും റയിൽവെ സ്റ്റേഷനിൽ എത്തിച്ചു നൽകിയിരുന്നു.

Comments are closed.