1470-490

കോവിഡ് 19: തൃശൂർ ജില്ലയിൽ 2470 പേർ നിരീക്ഷണത്തിൽ

കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് വീടുകളിൽ 2425 ഉം ആശുപത്രികളിൽ 45 ഉം ആയി ആകെ 2470 പേരാണ് ഇപ്പോൾ തൃശൂർ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (മാർച്ച് 16) 12 പേരെ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. 5 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി തിങ്കളാഴ്ച (മാർച്ച് 16) വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇതു വരെ 306 പേരുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്.കോവിഡ് 19 സ്ഥിരീകരിച്ച വിദേശി കുട്ടനെല്ലൂർ പൂരത്തിനിടെ ജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ തദ്ദേശനിവാസികളുടെ സംശയനിവാരണത്തിനായി കുട്ടനെല്ലൂർ ക്ഷേത്രത്തിനടുത്ത് ആരോഗ്യവകുപ്പ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. കൂടാതെ ഇരിങ്ങാലക്കുട, കെഎസ്ആർടിസി റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നതിനും കൂടുതൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചു.കഴിഞ്ഞ ദിവസം യുകെയിൽ നിന്ന് വന്ന പോസിറ്റീവ് ആയ വ്യക്തി സന്ദർശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ഉണ്ടാക്കുകയും അതിനനുസരിച്ചുളള പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങൾ ഇവർ സന്ദർശിച്ചിട്ടുണ്ട്. എങ്കിലും ഈ പ്രദേശങ്ങളിലെ ആളുകൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല. സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിൽ ശ്രദ്ധ പുലർത്തിയാൽ മതി.വിദേശങ്ങളിൽ നിന്ന വന്നവരായ ചിലരെങ്കിലും നിരീക്ഷണത്തിൽ തുടരുവാൻ വിമുഖത കാണിക്കുന്നു. അത്തരം പ്രവർത്തനങ്ങൾ ആശാസ്യകരമല്ലാത്തതു കൊണ്ട് ചില സന്ദർഭങ്ങളിൽ പോലീസിന്റെ ഇടപെടൽ ആവശ്യമായി വരുന്നുണ്ട്.റെയിൽവേ സ്റ്റേഷനിലുളള നിരീക്ഷണം ശക്തമായിത്തന്നെ തുടരുന്നു. യാത്രികരായ 1230 പേർക്ക് വീടുകളിൽ കഴിയാനായി നിർദ്ദേശങ്ങൽ കൊടുത്തു. ഇവർ ബാംഗ്ലൂർ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ്. അന്തർസംസ്ഥാന ബസുകളിൽ മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങിയ 12 അംഗസംഘം 1395 യാത്രകാരെ സ്‌ക്രീൻ ചെയ്തു.കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കൺട്രോൾ റൂമിലേക്ക് തിങ്കളാഴ്ച (മാർച്ച് 16) 517 അന്വേഷണങ്ങൾ വന്നു. 761 പേർക്ക് കൗൺസിലർമാർ മാനസിക പിന്തുണയ്ക്കായുളള കൗൺസലിംഗ് തുടങ്ങി.എയർപോർട്ടിലെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ഉൾപ്പെടുത്തികൊണ്ടുളള ടീമിനെ നിയോഗിച്ചുകൊണ്ട് കൺട്രോൾ റൂം ആരംഭിച്ചു.ട്രെയിനുകളിലും കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്യുകയും ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നത് തുടർന്നു വരുന്നു. ഇതിൽ 38 നഴ്‌സിംഗ് വിദ്യാർത്ഥികൾ, 11 ഡിടിപിസി വോളണ്ടിയർമാർ, പ്രളയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വോളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരടക്കം 60 പേർ പങ്കെടുത്തു.

Comments are closed.