1470-490

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കും ഒരു കാസര്‍ഗോഡ് സ്വദേശിക്കുമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

12,740 ആളുകള്‍ ഇപ്പോള്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. ഇതില്‍ 270 പേര്‍ ആശുപത്രിയിലാണുള്ളത്. ഇന്നു മാത്രം 72 പേരെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. 2297 സാംപിളുകള്‍ പരിശോധനയ്കക്ക് അയച്ചതില്‍ 1693 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അവസാനത്തോടെയാണ് കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ല രീതിയില്‍ തന്നെ ആദ്യാവസാനം ആരോഗ്യവകുപ്പ് വൈറസ് ബാധയെ നേരിട്ടുണ്ട്.

വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ സര്‍ക്കാരിന് ഏര്‍പ്പെടുത്തേണ്ടി വന്നു. സ്വയം ആ നിയന്ത്രണം പാലിക്കാന്‍ ജനങ്ങളും തയ്യാറായി. എന്നാല്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ചില പ്രതിസന്ധികളും രൂപപ്പെട്ടു. വ്യാപരമേഖലയിലും തൊഴില്‍ മേഖലയിലും ഒരു സ്‍തംഭനാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. സാമൂഹിക ജീവിതം അതേ രീതിയില്‍ തുടര്‍ന്നു കൊണ്ടു തന്നെ കൊവിഡ് വൈറസിനെതിരെയുള്ള ജാഗ്രത തുടരണം എന്നാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബസ്, ഓട്ടോ, വിമാനത്താവളങ്ങള്‍ അടക്കമുള്ള യാത്രസംവിധാനങ്ങളെല്ലാം യാത്രാക്കാരില്ലാതെ പ്രതിസന്ധിയിലാണ്. കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ പോലും കോടികളുടെ കുറവുണ്ടായി. സ്വകാര്യബസ് മേഖലയ്ക്കും വലിയ നഷ്ടം വന്നു. ഇതു കണക്കിലെടുത്ത് മോട്ടോര്‍ വാഹന ടാക്സ അടയ്ക്കുന്നതില്‍ ബസുടമകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വിനോദസ‍ഞ്ചാരമേഖലയില്‍ സര്‍ക്കാര്‍ ചില നിയന്ത്രങ്ങള്‍ കൊണ്ടുവന്നിരുന്നു. ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വരുമാനം ഇല്ലാതാവാന്‍ ഇതു കാരണമായി. ഇതൊക്കെ ഗൗരവതരമായ സ്ഥിതിവിശേഷമാണ് ഇതില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.

Comments are closed.