1470-490

ബസ് സ്റ്റാന്റിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്ന് വീണ് യാത്രക്കാരന് പരിക്കേറ്റു.

മാളഃ മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്ന് വീണ് യാത്രക്കാരന് പരിക്കേറ്റു. കൊടുങ്ങല്ലൂർ സ്വദേശി മുരുക്കുംതറ പ്രജീഷ് (36) നാണ് കോൺഗ്രീറ്റ് കഷ്ണങ്ങൾ വീണ് നെറ്റിയിൽ പരിക്കേറ്റത്. ചാലക്കുടി ഗവ. ഐ ടി ഐ യിലെ ക്ലാർക്കായ ഇദ്ധേഹം കൊടുങ്ങല്ലൂർ നിന്നെത്തി ചാലക്കുടിക്കായുള്ള ബസ് കാത്ത് നിൽക്കേ ഇന്നുച്ചക്ക് 12.30 ഓടെയാണ് ശബ്ദത്തോടെ മേൽക്കൂരയിൽ നിന്നും കോൺഗ്രീറ്റ് അടർന്ന് വീണതും പരിക്കേറ്റതും. ഇദ്ധേഹത്തെ മാള ഗവ. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവമറിഞ്ഞ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഓട്ടോ-ടാക്സി ഡ്രൈവർമാരും മറ്റും ആശുപത്രിയിൽ എത്തി പരിക്കേറ്റയാളെ സന്ദർശിച്ചു. വർഷങ്ങളായി ബസ്സ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൻ്റെ മേൽക്കൂരയിൽ നിന്നും ഇത്തരത്തിൽ പ്ലാസ്റ്ററിംഗ് അടക്കമുള്ള കോൺഗ്രീറ്റ് അടർന്ന് വീണുകൊണ്ടിരിക്കയാണ്. ഇടക്കിടെയിത് സംഭവിച്ചുകൊണ്ടിരിക്കയാണ്. മഴക്കാലത്തും അല്ലാത്തപ്പോഴും മേൽക്കൂരയിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കോൺഗ്രീറ്റിൽ വിള്ളലുകൾ വീണിട്ടുണ്ട്. മഴക്കാലത്ത് മഴ പെയ്ത വെള്ളമാണെങ്കിൽ അല്ലാത്തപ്പോൾ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ചായക്കടകളുടെയും മറ്റും നിരവധി വാട്ടർ ടാങ്കുകൾ നിറഞ്ഞും മറ്റുമാണ് വെള്ളം കെട്ടി നിൽക്കുന്നത്. ഇതിനകം ഒട്ടനവധി തവണ കോൺഗ്രീറ്റ് പാളികൾ ഇത്തരത്തിൽ വീണിട്ടുണ്ട്. പലപ്പോഴും ഭാഗ്യത്തിനാണ് ആർക്കും ഗുരുതരമായ പരിക്കേൽക്കാത്തത്. ചെറിയ പരിക്കുകൾ പലപ്പോഴുമുണ്ടാകാറുണ്ട്. യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം വീഴലും പതിവാണ്. ഒന്നരയാഴ്ച മുൻപാണ് ഇത്തരത്തിൽ കോൺഗ്രീറ്റ് പാളികൾ യാത്രക്കാർ നിൽക്കുന്നതിന് തൊട്ടടുത്തായി വീണത്.

Comments are closed.