1470-490

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന് പുന്നയൂർക്കുളത്ത് തുടക്കം

‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിന് പുന്നയൂർക്കുളം പഞ്ചായത്തിൽ തുടക്കമായി. ഇടയ്ക്കിടെ കൈ കഴുകുകയും വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ലക്ഷ്യം. അതിനായി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കാൻ പഞ്ചായത്ത് നാട്ടുകാരുടെ സഹായ സഹകരണം അഭ്യർത്ഥിച്ചു. ക്യാമ്പയിന് പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് ചെറായി സ്‌കൂൾ പരിസരത്തുനിന്ന് പഞ്ചായത്ത് തല തുടക്കംകുറിച്ചു.ആദ്യഘട്ടമായി പഞ്ചായത്തിൽ ഡോർ ടു ഡോർ ക്യാമ്പയിൻ ആരംഭിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ മുഴവൻ വീടുകളിലും ലഘുലേഖ വിതരണം ചെയ്തു. വാർഡ് മെമ്പർമാർ, ഹെൽത്ത് ടീം, ആശ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, പൊതു പ്രവർത്തകർ, ക്ലബുകൾ എന്നിവർ നേതൃത്വം നൽകി. ചൊവ്വാഴ്ചയോടെ പ്രതിരോധ പ്രവർത്തനം പഞ്ചായത്ത് പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ തമ്മിൽ പരസ്പര സമ്പർക്കം കുറയ്ക്കുന്നതിന് നിർദ്ദേശം നൽകി. ആഘോഷപരിപാടികളും, വിവാഹം തുടങ്ങിയ ചടങ്ങുകൾ ലളിതമായി സംഘടിപ്പിക്കാനും പരമാവധി ഒഴിവാക്കാനും ജനങ്ങൾക്കൊപ്പം പഞ്ചായത്തും ശ്രദ്ധിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരുടെ വിശദാംശങ്ങൾ ശേഖരിക്കാനും കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ അവരവരുടെ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനും അറിയിപ്പുകൾ നൽകി. മെഡിക്കൽ ഓഫീസർ ഡോ. അരുൺ ബാബു, സെക്രട്ടറി ഷിബു ദാസ്, ഹെൽത്ത് ഇൻസ്പെക്ടർ, അങ്കണവാടി ടീച്ചർമാർ, ആശാവർക്കർമാർ തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.

Comments are closed.