1470-490

മയക്കുമരുന്ന് മണപ്പിച്ച് മധ്യവയസ്കയായ സ്ത്രീയുടെ വള മോഷ്ടിച്ചതായി പരാതി

ഷീല ആശുപത്രിയിൽ

കൊടകര:  മയക്കുമരുന്ന് മണപ്പിച്ച് മധ്യവയസ്കയായ സ്ത്രീയുടെ വള മോഷ്ടിച്ചതായി പരാതി. കോടാലി മാങ്കുറ്റിപ്പാടം മാമ്പിലായിൽ സുധാകരന്റെ ഭാര്യ ഷീലയുടെ വളയാണ് മോഷ്ടിച്ചത്. രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം.
രാവിലെ വീടിന് സമീപത്തെ മോട്ടോര്‍ ഷെഡിലെ ചവര്‍ അടിച്ചുവാരുന്നതിനിടെ വീട്ടമ്മയെ മോഷ്ടാവ് ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. ബല പ്രയോഗത്തിലൂടെ വിട്ടമ്മയുടെ ഇടതുകയ്യിലുണ്ടായിരുന്ന ഒരു പവനോളം വരുന്ന വള കവര്‍ന്നെടുത്തു. വിരലിലുണ്ടായിരുന്ന മോതിരം ഊരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ ബുധനാഴ്ച്ച ഇതേ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം നടന്നിരുന്നു.  മാലയുടെ ഒരു ഭാഗം മാത്രമാണ് അന്ന് നഷ്ടപ്പെട്ടത്.  ബുധനാഴ്ച വൈകീട്ട് ഏഴരയോടെ വീടിന്റെ പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഷീലയെ ആരോ പിറകില്‍ നിന്ന് കഴുത്തിലും മുടിയിലും പിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയുടെ ഒരു ഭാഗം ഷീലയുടെ കൈയില്‍ കിട്ടിയെങ്കിലും ബാക്കി ഭാഗം നഷ്ടപ്പെട്ടു. മാല പൊട്ടിച്ചെടുക്കാന്‍ സാധിച്ചെങ്കിലും നാട്ടുകാരോടൊപ്പം പറമ്പില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ നഷ്ടപ്പെട്ട ഭാഗം തിരിച്ചുകിട്ടിയിരുന്നു. പിറ്റേന്ന് ഇവരുടെ വീടിന്റെ ചുവരില്‍ സംശയാസ്പദമായ രീതിയിൽ 2 എന്ന അക്കം  അടയാളപ്പെടുത്തിയത് കണ്ടിരുന്നു. സംഭവങ്ങളെ തുടര്‍ന്ന് വീടിനുപുറത്ത് സിസിടിവി ക്യാമറയും സ്ഥാപിച്ചിരുന്നു. എന്നാല്‍ മരങ്ങളുടേയും മോട്ടോര്‍ഷെഡിന്റേയും മറയുള്ളതിനാല്‍ വള നഷ്ടപ്പെട്ട സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടില്ല. ക്ലോറോഫോം പോലെയുള്ള എന്തോ ഒന്ന് പഞ്ഞിയില്‍ പുരട്ടി വായും മൂക്കും അടച്ചുപിടിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മ പറയുന്നത്. ഇതിനിടെ ഒച്ചവെച്ചതിനാല്‍ മകന്‍ രാഹുല്‍ ഓടിയെത്തിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. മോട്ടോര്‍ഷെഡിന്റെ പുറകില്‍ കാല്‍പാടുകളും കണ്ടെത്തിയിട്ടുണ്ട്. മാല മോഷ്ടിക്കാന്‍ വന്നയാള്‍ തന്നെയാണ് വള മോഷ്ടിച്ചതെന്നും അയാളെ ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നും ഇനി കണ്ടാല്‍ തിരിച്ചറിയാനാവുമെന്നും ഷീല പറഞ്ഞു. ആക്രമണത്തിനിടെ ബോധം നഷ്ടപ്പെട്ട ഷീലയെ കോടാലി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഈ സംഭവം പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. വീട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Comments are closed.