1470-490

കണ്ണന്റെ ആറാട്ടോടെ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് സമാപനമായി.

ആറാട്ട് ദിവസമായ ഇന്നലെ നടന്ന ഗ്രാമ പ്രദക്ഷിണം

ഗുരുവായൂർ: കണ്ണന്റെ ആറാട്ടോടെ പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ക്ഷേത്രോത്സവത്തിന് സമാപനമായി. കണ്ണന്റെ ആറാട്ടു കഴിഞ്ഞ് ക്ഷേത്രത്തിൽ പതിനൊന്ന് ഓട്ടപ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം തന്ത്രി സ്വർണ്ണക്കൊടിമരത്തിൽനിന്ന് സപ്തവർണ്ണ കൊടിക്കൂറ ഇറക്കിയതോടെയാണ് ക്ഷേത്രോത്സവത്തിന് സമാപനമായത്. വൈകുന്നേരം നാലരയോടെ ആറാട്ടിനായുള്ള ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പ് ചടങ്ങുകൾക്ക് ആരംഭമായി. നാലരയ്ക്ക് നടതുറന്ന് മൂലവിഗ്രഹത്തിലുള്ള ചൈതന്യം ആവാഹിച്ചെടുത്ത് പഞ്ചലോഹതിടമ്പ് പുറത്ത് സ്വർണ്ണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ച് വെച്ചു. ശ്രീലകത്ത് മൂലവിഗ്രഹത്തിന് സമീപംവെയ്ക്കുന്ന പഞ്ചലോഹതിടമ്പ് ആറാട്ടുദിവസം മാത്രമാണ് പുറത്തേയ്ക്കെഴുന്നള്ളിക്കുക. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വിഗ്രഹത്തിന്റെ കാലപഴക്കം ഇതുവരേയും നിർണ്ണയിച്ചിട്ടില്ല. കൊടിമരത്തറയ്ക്കൽ സ്വർണ്ണപഴുക്കാമണ്ഡപത്തിൽ പഞ്ചലോഹതിടമ്പ് എഴുന്നള്ളിച്ച് വെച്ചശേഷം അവിടെ വെച്ച് ശാന്തിയേറ്റ കീഴ്ശാന്തി ദീപാരാധന നടത്തി.
ദീപാരാധനയ്ക്കുശേഷം ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിനുമായി ഭഗവാന്റെ പഞ്ചലോഹത്തിടമ്പ് സ്വർണ്ണകോലത്തിൽ പുറത്തേയ്ക്ക് എഴുന്നള്ളിച്ചു. ദേവസ്വം ആനത്തറവാട്ടിലെ വലിയ കേശവൻ സ്വർണ്ണകോലമേന്തി. പരയ്ക്കാട് തങ്കപ്പൻ മാരാർ, ചെർപ്പുളശ്ശേരി ശിവൻ, തിച്ചൂർ മോഹനൻ, പല്ലശ്ശന സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം എഴുന്നള്ളിപ്പിന് അകമ്പടിസേവിച്ചു. രുദ്രതീർഥക്കുളത്തിന് വടക്കുഭാഗത്ത് എഴുന്നള്ളിപ്പെത്തിയപ്പോൾ പഞ്ചവാദ്യം അവസാനിച്ച ശേഷം  കണ്ടിയൂർ പട്ടത്ത് നമ്പീശൻ സങ്കടനിവൃത്തി ചടങ്ങ് നിർവഹിച്ചു. പിന്നീട് മേളത്തോടുകൂടിയാണ് ഗുരുവായൂരപ്പന്റെ എഴുന്നള്ളത്ത് മുന്നോട്ട് നീങ്ങിയത്. ഭക്തജനങ്ങളുടെ എതിരേൽപ്പുകൾ സ്വീകരിച്ചുകൊണ്ടുള്ള പ്രദക്ഷിണം പൂർത്തിയാക്കി ഭഗവതീക്ഷേത്രത്തിലൂടെ എഴുന്നള്ളിപ്പ് ആറാട്ട് കടവിലെത്തി. പുണ്യാഹത്തിനുശേഷം ഭഗവാന്റെ പഞ്ചലോഹത്തിടമ്പിൽ മഞ്ഞൾപ്പൊടി അഭിഷേകം ചെയ്യ്തു. തുടർന്ന് വലിയ കുട്ടകത്തിൽ തയ്യാറാക്കിയ ഇളനീർകൊണ്ട് ഭഗവാന് അഭിഷേകം നടത്തി. അതിനുശേഷം തന്ത്രി, മേൽശാന്തി, ഓതിക്കൻമാർ എന്നിവർ ഒരുമിച്ച് ഭഗവാനോടൊപ്പം രുദ്രതീർഥത്തിൽ ഇറങ്ങി സ്‌നാനം ചെയതു. ആറാട്ട് ചടങ്ങിനു ശേഷം ഇടത്തരികത്തുകാവിൽ ഭഗവതിക്ഷേത്രത്തിലെ വാതിൽമാടത്തിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചിരുത്തി ഉച്ചപൂജനടത്തി. തുടർന്ന് ഭഗവാന്റെ തിടമ്പ് കൊടിയിറക്കൽ ചടങ്ങുകൾക്കായി ആനപ്പുറത്ത് എഴുന്നള്ളിച്ചു. ആറാട്ട് കഴിഞ്ഞ് ആനപ്പുറത്ത് ക്ഷേത്രത്തിലെത്തുന്ന ഗുരുവായൂരപ്പനെ ക്ഷേത്രം ഊരാളൻ നിറപ്പറവെച്ച് സ്വീകരിച്ചു. പതിനൊന്ന് ഓട്ടപ്രദക്ഷിണം പൂർത്തിയാക്കിയശേഷം ക്ഷേത്രം തന്ത്രി സ്വർണ്ണധ്വജത്തിലെ സപ്തവർണ്ണക്കൊടി ഇറക്കി. തുടർന്ന് ഭഗവാനെ ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. ചൈതന്യം മൂലബിംബത്തിലേക്ക് തിരിച്ചു പകർന്നു. 25 കലശം അഭിഷേകം ചെയ്ത ശേഷം അത്താഴപ്പൂജയും നടത്തിയതോടെ ഈ വർഷത്തെ ഉത്സവച്ചടങ്ങുകൾക്ക് സമാപനമായി.

Comments are closed.