വ്യാജവാർത്തകൾക്കെതിരെ കർശന നടപടി: എ.സി. മൊയ്തീൻ
കോവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ. കോവിഡ് 19 ജില്ലാതല അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗ പ്രതിരോധത്തെക്കുറിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഓദ്യോഗിക വാർത്താക്കുറിപ്പുകൾ സർക്കാർ തലത്തിൽ നൽകുന്നുണ്ട്. അവയിലെ വിവരങ്ങൾ മാത്രമേ നൽകാവൂ. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. വ്യാജവാർത്ത പ്രചരിപ്പിച്ചാൽ പോലീസ് നടപടിയുണ്ടാകും.ഉത്സവങ്ങൾ ആഘോഷങ്ങൾ ഒഴിവാക്കി സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശത്തോട് പൊതുവെ അനുകൂല പ്രതികരണമാണ്. വ്യക്തിശുചിത്വ കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും കൂടുതലായി സംഘടിപ്പിക്കും. വയോജനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തും. ജില്ലയിൽ രോഗ പ്രതിരോധത്തിനായി മെച്ചപ്പെട്ട ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. തൃശൂർ ജില്ലയിൽ ആശുപത്രിയിൽ 72 പേരും വീടുകളിൽ 1499 പേരും നിരീക്ഷണത്തിലുണ്ട്. ഒടുവിൽ ലഭിച്ച 25 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഹൈറിസ്‌ക് വിഭാഗത്തിൽ 2 പേരാണുളളത്. ഗ്രാമ തലം വരെ പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, സി.രവീന്ദ്രനാഥ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.