എറിയാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും അടിയന്തര യോഗം

തൃശൂർ: കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ എറിയാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും അടിയന്തരയോഗം ഇന്നും(മാർച്ച് 16) നാളെ(മാർച്ച് 17) യുമായി ചേരും.
വിദേശത്തു നിന്നും വന്നവർ ആശാവർക്കർമാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നിർദ്ദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ നിയന്ത്രിക്കാൻ പോലീസിന്റെ സഹായം തേടുമെന്ന് എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ അറിയിച്ചു. നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. വാർഡ് തലത്തിൽ നിരീക്ഷണം ശക്തമാക്കി ബോധവൽകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. രോഗത്തെ സംബന്ധിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കരുത്. നിരീക്ഷണത്തിൽ ഉള്ള ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്.
അനാവശ്യമായ ഭീതിയും തെറ്റായ രീതിയിലുള്ള മാസ്‌ക് ഉപയോഗവും ഒഴിവാക്കണം. വിദേശത്ത് നിന്നു വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കണം. പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.
എറിയാട് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, വൈസ് പ്രസിഡന്റ് എം കെ സിദ്ദിഖ്, മെഡിക്കൽ ഓഫീസർ ഭുവനേശ്വരി, അഴീക്കോട് ആയുർവേദ ആശുപത്രി ഓഫീസർ ഡോ മിഥു കെ. തമ്പി, ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീഷ്, രാജൻ , സ്ഥിരം സമിതി അധ്യക്ഷൻമാരായ സുഗത ശശിധരൻ, അംബിക ശിവപ്രിയൻ, അഡ്വ. സബാഹ് വി എ, പഞ്ചായത്ത് അംഗങ്ങൾ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Comments are closed.