കോവിഡ് 19: മലപ്പുറം ജില്ലയില്‍ 166 പേര്‍ക്ക് വൈറസ് ബാധയില്ല

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത് 17 പേര്
ജില്ലയില്‍ 166 പേര്‍ക്ക് കോവിഡ് വൈറസ് ബാധയില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 205 സാമ്പിളുകളാണ് രണ്ടു ഘട്ട വിദഗ്ധ പരിശോധനകള്‍ക്കായി അയച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.ജില്ലയിലിപ്പോള്‍ 294 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും 277 പേര് വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണ്. ഇന്നലെ (മാര്‍ച്ച് 15) 47 പേര്‍ക്കു കൂടി നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 10പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാലുപേരുമാണുള്ളത്. ഇതില്‍ എട്ടു പേര് സൗദി അറേബ്യയില്‍ നിന്നും അഞ്ചുപേര്‍ യു.എ.ഇയില്‍ നിന്നും എത്തിയവരാണ്. യു.കെ, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ ഓരോ യാത്രക്കാരും തിരിച്ചെത്തിയവരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരുമാണ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍.
Comments are closed.