1470-490

കോവിഡ്19: വൈറലായി കേരള സര്‍ക്കാര്‍ ആപ്പ്

മൂന്ന് ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തു
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാന്‍ മാത്രം മണ്ട•ാരല്ല മലയാളികളെങ്കിലും കിട്ടിയ വിവരം ശരിയോ തെറ്റോ എന്ന് നോക്കാതെ പങ്കുവെക്കുന്ന ശീലത്തിന് കാര്യമായ മാറ്റമൊന്നുമില്ല. എന്നാല്‍ ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 നെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പങ്കുവെച്ചാല്‍ ഉടന്‍ പിടി വീഴുമെന്ന് ഉറപ്പ്. കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ തടയുന്നതിനും ബോധവത്കരണത്തിനുമായി കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ഗവണ്‍മെന്റ് ഓഫ് കേരള ഡയറക്ട് (ജി.ഒ.കെ ഡയറക്ട് ആപ്പ്((Gok)എന്ന മൊബൈല്‍ ആപ്പാണ് ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പുറത്തിറക്കി രണ്ടു ദിവസത്തിനകം സംസ്ഥാനിത്തിതുവരെ മൂന്നു ലക്ഷത്തിലധികം പേരാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.
പ്രധാന റയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ആപ്പ് സംബന്ധിച്ച വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യുന്നതിനായുള്ള ക്യു ആര്‍ കോഡുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനും വ്യാജ വാര്‍ത്തകളിലൂടെ ജനങ്ങളിലുണ്ടായേക്കാവുന്ന ഭീതി അകറ്റുന്നതിനുമായാണ് ആപ്പ് തയ്യാറാക്കിയത്.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍, യാത്ര ചെയ്യുന്നവര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഈ മൊബൈല്‍ ആപ്പില്‍ ലഭിക്കും. കൂടാതെ പൊതു അറിയിപ്പുകളുമുണ്ടാവും. സ്‌ക്രീനിനു താഴെ ആരോഗ്യവകുപ്പിന്റെ ദിശയുടെ ഫോണ്‍ നമ്പര്‍ നല്‍കിയതോടൊപ്പം ആപ്പില്‍ നിന്ന് നേരിട്ട് വിളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടെക്സ്റ്റ് മെസേജ് അലര്‍ട്ട് സംവിധാനത്തിലൂടെ നെറ്റ് കണക്ഷനില്ലാത്ത സാധാരണ ഫോണിലും വിവരങ്ങള്‍ ലഭ്യമാക്കും. ഇത്തരം ഫോണുകളില്‍ മിസ്ഡ് കാളിലൂടെ വിവരം ലഭിക്കുന്നതിനുള്ള സംവിധാനവും തയ്യാറാക്കുന്നുണ്ട്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള ക്യു കോപ്പി എന്ന സ്ഥാപനമാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപയുണ്ടായപ്പോഴും ജില്ലാ ഭരണകൂടത്തിനു വേണ്ടി ഇതേ സ്ഥാപനം ആപ്പ് തയ്യാറാക്കിയിരുന്നു. കോവിഡ് 19 നിയന്ത്രണ വിധേയമായ ശേഷവും സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഈ ആപ്പ് ഉപയോഗിക്കാനാണ് പദ്ധതി.ആപ്പ് ലഭിക്കാന്‍
ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഐ ഫോണ്‍ ആപ്പ് സ്റ്റോറിലും ഈ ആപ്പ് ഉടന്‍ ലഭ്യമാവും. ആപ്പിന്റെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. http://qkopy.xyz/prdkerala  എന്ന ലിങ്ക് ഉപയോഗിച്ചും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 

Comments are closed.