1470-490

ഗുരുവായൂർ, കൊടുങ്ങല്ലൂർ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ

മന്ത്രി എ.സി. മൊയ്തീൻറെ സാന്നിധ്യത്തിൽ ഗുരുവായൂർ നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.

ഗുരുവായൂർ: ലോകത്തിൻറെ എല്ലാഭാഗത്തു നിന്നുമുള്ളവർ എത്തുന്ന പ്രദേശങ്ങളെന്ന നിലയിൽ ഗുരുവായൂർ, കൊടുങ്ങല്ലൂർ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകാൻ മന്ത്രി എ.സി. മൊയ്തീൻറെ സാന്നിധ്യത്തിൽ ഗുരുവായൂർ നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധത്തിൻറെ ഭാഗമായാണ് പ്രത്യേക യോഗം ചേർന്ന് ഗുരുവായൂർ, കൊടുങ്ങല്ലൂർ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ഗുരുവായൂർ, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ ആചാരങ്ങൾക്ക് ഭംഗം വരുത്താതെ ഭക്തജന പ്രവാഹം നിയന്ത്രിക്കാൻ നടപടികളെടുക്കും. ഗുരുവായൂരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷിനെ ചാവക്കാട് താലൂക്കിൻറെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി ചുമതലപ്പെടുത്തിയതായി  ജില്ലാ കലക്ടർ എസ്. ഷാനവാസ് യോഗത്തിൽ അറിയിച്ചു.
    കൊടുങ്ങല്ലൂർ ഭരണിയുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതും ചർച്ച ചെയ്തു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ,  ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ എം. രതി, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ. സുനിൽകുമാർ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.ബി. മോഹനൻ, സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ഡി.എം.ഒ കെ.ജെ. റീന, നഗരസഭ സെക്രട്ടറി എ.എസ്. ശ്രീകാന്ത്, എന്നിവർ സംസാരിച്ചു.

ഗുരുവായൂരിൽ ചെയ്യേണ്ടത്
 ഭക്തർ വരി നിൽക്കുന്ന ഭാഗത്തെ ഇരുമ്പഴികൾ വൃത്തിയാക്കണം *  ശുചിമുറികൾ ഓരോ മണിക്കൂർ ഇടവിട്ട് വൃത്തിയാക്കണം*  ദേവസ്വം ജീവനക്കാർക്ക് കോവിഡ് പ്രതിരോധത്തിന് പരിശീലനം നൽകണം *  ബസ് ജീവനക്കാർ, ഓട്ടോ ഡ്രൈവർമാർ എന്നിവർക്ക് പ്രതിരോധ ബോധവത്ക്കരണം നടത്തണം *   കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾ നഗരസഭ പരിശോധിക്കണം *  തട്ടുകടകൾ നഗരസഭയുടെ ആരോഗ്യ വിഭാഗം പരിശോധിക്കണം  * കെ.എസ്.ആർ.ടി.സി ബസുകൾ ഓരോ ട്രിപ്പ് കഴിയുമ്പോഴും ശുചീകരിക്കണം.

കൊടുങ്ങല്ലൂരിൽ ചെയ്യേണ്ടത്
 *  മറ്റ് ജില്ലകളിൽ നിന്നുള്ള ഭക്തജനപ്രവാഹം നിയന്ത്രിക്കാൻ കലക്ടർമാരുടെ സഹായം തേടും  * ഹിന്ദു സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും യോഗം ചേരും.  * ഈ മാസം 20ന് കോഴിക്കല്ല് മൂടുന്നത് മുതൽ 27ന് അശ്വതി കാവ് തീണ്ടൽ വരെയുള്ള കാലയളവിൽ ഭക്തർ ക്ഷേത്ര വളപ്പിൽ തങ്ങുന്നത് നിയന്ത്രിക്കും  * വീടുകളുടെ പരിസരത്ത് ഭരണിക്കാർക്ക് താമസ സൗകര്യം നൽകുന്നത് നിയന്ത്രിക്കാൻ ബോധവത്ക്കരണം നടത്തും.  *  ഈ മാസം 19ന് പ്രത്യേക യോഗം ചേരും.

Comments are closed.