1470-490

മതിലകം ബ്ലോക്ക് പഞ്ചായത്ത്: 657 പേർ നിരീക്ഷണത്തിൽ

ബ്ലോക്കിലെ എല്ലാ പ്രാഥമിക-സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും ഹെൽപ് ഡെസ്കുകൾ ആരംഭിക്കും

കോവിഡ് 19 വൈറസ് ബാധ ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 657 പേർ നിരീക്ഷണത്തിൽ. 11 പേർ ഐസൊലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്. ഇതിൽ നാല് പേർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ആറുപേർ മെഡിക്കൽ കോളേജിലും ഒരാൾ ജനറൽ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണ്. വൈറസ് ബാധ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിലെ എല്ലാ പ്രാഥമിക-സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ഹെൽപ്‌ ഡെസ്കുകൾ ആരംഭിക്കും. ജനറൽ ഒ.പിയുമായി ബന്ധം വരാത്ത രീതിയിലാണ് ഹെൽപ്‌ ഡെസ്കുകൾ പ്രവർത്തിപ്പിക്കുക. വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ അധ്യക്ഷതയിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.
പ്രതിരോധപ്രവർത്തനം ഊർജിതപ്പെടുത്താൻ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഇന്നും (മാർച്ച് 15) നാളെ(മാർച്ച് 16)യുമായി എംഎൽഎയുടെ അധ്യക്ഷതയിൽ മീറ്റിങ്ങുകൾ ചേരും. ജില്ലാ തലത്തിൽ നിന്നുള്ള അറിയിപ്പുകളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച്, എല്ലാ നിയമാവലികളും സുരക്ഷിത നിർദേശങ്ങളും ഉൾപ്പെടുത്തി ജനങ്ങൾക്ക് നോട്ടീസ് വിതരണം ചെയ്യും. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ സഹകരിക്കണം. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സ്വകാര്യ സംഘടനകൾ ജനങ്ങൾക്ക് നിർദേശം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജനങ്ങൾ കൃത്യമായി സർക്കാരിൽ നിന്ന് ബന്ധപ്പെട്ട നിർദേശങ്ങൾ മാത്രം സ്വീകരിക്കാൻ ശ്രദ്ധിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരെ അത് വാർഡുകളിൽ ഉള്ള ആശ വർക്കർമാർ പ്രത്യേകമായി നിരീക്ഷിക്കണം. വൈറസ് ബാധിതൻ സന്ദർശിച്ച ശ്രീനാരായണപുരത്തെ ലങ്ക ബേക്കറി മൂന്നു ദിവസത്തേക്ക് താൽക്കാലികമായി അടച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ള വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. പനിയും ചുമയും ഉള്ളവർ വയോധികരെ സന്ദർശിക്കരുത്. പ്രായമായവർ ചടങ്ങുകളിലും മറ്റും പങ്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിരീക്ഷണത്തിൽ ഇരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. നിർദ്ദേശങ്ങൾ തെറ്റിക്കുന്ന അവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കെ അബീദലി, പെരിഞ്ഞനം സി എച്ച് സി സൂപ്രണ്ട് ഡോക്ടർ സാനു എം പരമേശ്വരൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ സതീശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കൈതവളപ്പിൽ, ബി ജി വിഷ്‌ണു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഡോ വരദ, ഡോ മുംതാസ്, തഹസിൽദാർ കെ രേവ, കൊടുങ്ങല്ലൂർ പോലീസ് സബ് ഇൻസ്പെക്ടർ ഇ ആർ ബൈജു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Comments are closed.