1470-490

കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കും.

കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ
പഞ്ചായത്തുകളും നഗരസഭകളും സമഗ്രമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കും.
തൃശ്ശൂർ ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതലയോഗത്തിൻ്റേതാണ് ഈ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തദ്ദേശസ്ഥാപനങ്ങളുടെ തലത്തിൽ നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപംനൽകി.
ജില്ലാഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ജില്ലയിൽ സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും രോഗവ്യാപനത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് വാർഡ് തലം വരെ സമഗ്രമായ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് യോഗം തീരുമാനിച്ചത്.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം കൃത്യമായി പാലിക്കണം. രോഗലക്ഷണം കണ്ടാൽ സ്വമേധയാ ആശുപത്രിയിൽ പോകാതെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു അവിടെനിന്ന് ഏർപ്പെടുത്തുന്ന വാഹനത്തിൽ പോകണം. കമ്മ്യൂണിറ്റി വോളണ്ടിയർ സേനയ്ക്ക് പ്രാദേശിക പരിശീലനം നൽകി അവരെ ഉപയോഗപ്പെടുത്തണം. വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ വിശദാംശങ്ങൾ ശേഖരിക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ കണ്ടെത്തി ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തും. സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക് രോഗ പ്രതിരോധത്തിന് സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകും. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തികളിലും ശക്തമായ നിരീക്ഷണം ഉണ്ടാകും. ആവശ്യമായ അനൗൺസ്മെൻറ് ഉറപ്പാക്കും. ട്രെയിനുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കേരളത്തിലുള്ള അതിഥി തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം സംഘടിപ്പിക്കും. വഴിയോരങ്ങളിൽ കഴിയുന്നവർക്ക് പ്രത്യേക പരിരക്ഷ ഒരുക്കും. ഇവരുടെ കാര്യത്തിൽ ജില്ലാഭരണകൂടം ആവശ്യമായ നടപടി സ്വീകരിക്കും.

ഐസോലേഷനിൽ കഴിയുന്ന രോഗികൾക്ക് സാമൂഹികവും മാനസികവുമായ പിന്തുണ ഉറപ്പാക്കും. അതത് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇക്കാര്യം നിർവഹിക്കും. രോഗ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജനങ്ങൾ തമ്മിൽ പരസ്പര സമ്പർക്കം കുറയ്ക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതു പരിപാടികൾ കഴിയാവുന്നത്ര കുറയ്ക്കും. വിദ്യാലയങ്ങൾ മാർച്ച് 31 വരെ അടച്ചിടും. ആഘോഷപരിപാടികൾ, വിവാഹം മുതലായ ചടങ്ങുകൾ ലളിതമായി സംഘടിപ്പിക്കണം. ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ പാലിക്കണമെന്നും
മന്ത്രി എ സി മൊയ്തീൻ അഭ്യർത്ഥിച്ചു. പഞ്ചായത്ത്, നഗരസഭാ തല ആലോചനായോഗം അടിയന്തരമായി വിളിച്ചുചേർത്ത പ്രവർത്തനങ്ങൾ ആവിഷ്കരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കോവിഡ് ബാധിതരായ രാജ്യങ്ങളിൽനിന്ന് എത്തുന്നവർ അവരവരുടെ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്നതിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന വരെയും
നിരീക്ഷിക്കണം.
കുടിവെള്ള വിതരണം ജാഗ്രതയോടെ നടത്തണം.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നത് നിയന്ത്രിക്കാൻ പഞ്ചായത്ത് തലത്തിൽ സംവിധാനം ഉറപ്പാക്കുമെന്ന് യോഗത്തിൽ സംസാരിച്ച കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളും കൂട്ടായി സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാലയങ്ങളുടെ പങ്ക് ഉറപ്പുവരുത്താനാണ് അധ്യാപകരോടും ജീവനക്കാരോടും വിദ്യാലയങ്ങളിൽ എത്തണമെന്ന് നിർദേശിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. ഓരോ വീടുകളിലെയും പ്രശ്നങ്ങൾ അധ്യാപകർ അറിയാൻ ശ്രമിക്കണം.
പ്രതിരോധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി സ്കൂളുകൾ പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ ഗവൺമെൻറ് ചീഫ് അഡ്വ കെ രാജൻ, എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്,
മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, എംഎൽഎമാരായ
കെ വി അബ്ദുൾ ഖാദർ, ബി. ഡി ദേവസി, ഇ. ടി ടൈസൺ, മുരളി പെരുനെല്ലി, വി ആർ സുനിൽകുമാർ, യു.ആർ.പ്രദീപ്, അനിൽ അക്കര
ജില്ലാ കളക്ടർ എസ് ഷാനവാസ് തദ്ദേശസ്ഥാപനങ്ങളുടെ പ്രസിഡൻറുമാർ, സെക്രട്ടറിമാർ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Comments are closed.