1470-490

വട്ടപ്പാറ വളവ് വീതി കൂട്ടൽ; ഭൂമി ഏറ്റെടുക്കലിന് 48 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: വട്ടപ്പാറ വളവ് വീതി കൂട്ടുന്ന പ്രവൃത്തിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി 48 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.പൊതുമരാമത്ത് (ഡി ) വകുപ്പ് സ.ഉ. (സാധാ) ന് 302/2020 പ്രകാരമാണ് തുക അനുവദിച്ച് ഉത്തരവായിട്ടുള്ളത്.ദേശീയ പാത 66 ൽ കാട്ടിപ്പരുത്തി വില്ലേജിലെ 4.86 ആർ ഭൂമി ഏറ്റെടുക്കുന്നതിനായാണ് 48 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നൽകിക്കൊണ്ട് ഉത്തരവായത്.

ദേശീയ പാത 66 ൽ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിൽ
അപകട നിവാരണ പദ്ധതികൾ
നടന്ന് വരുന്നുണ്ട്. നേരത്തെ അനുവദിച്ച
രണ്ട് കോടി രൂപ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഗ്യാസ് ടാങ്കറുകൾ ഉൾപ്പെടെ
നിരന്തരമായി വാഹനങ്ങൾ മറിഞ്ഞതിനെത്തുടർന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയിൽ ചേർന്ന യോഗത്തിൽ ഉണ്ടായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രവർത്തനങ്ങൾ നടത്തുന്നതിനായി നാഷണൽ ഹൈവേ വിഭാഗം രണ്ട് കോടി അനുവദിച്ചത്.
പ്രധാനവളവിന് മുമ്പായുള്ള എതിർദിശയിലേക്കുള്ള വളവ് നിവർത്തുന്നതിന് റോഡ് വീതി കൂട്ടുന്നതിന് ഇതിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ ആവശ്യമായ സ്ഥലം ലഭ്യമാകുന്നതിനനുസരിച്ച് മാത്രമേ വീതി കൂട്ടാനാവുകയുള്ളൂ. കൂടാതെ ഡിവൈഡറുകൾ, ലൈറ്റുകൾ, സൂചനാ ബോർഡുകൾ എന്നിവ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമാണ് നടത്തുക .അപകടരഹിതമാക്കുന്ന പ്രവൃത്തിയുടെ ഭാഗമായി നിലവിലെ റോഡിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതിനായി പ്രധാന വളവിൽ സ്ഥിരം ഡിവൈഡർ നിർമ്മിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.

Comments are closed.