1470-490

തൃശൂർ മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ സ്വാബ് ടെസ്റ്റിനുള്ള അനുമതി ഉടൻ

ന്യൂഡൽഹി: തൃശൂർ മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ കൊറോണ വൈറസ് ബാധ പരിശോധിക്കുന്നതിനുള്ള സ്വാബ് ടെസ്റ്റുകൾ നടത്തുന്നതിന് വേണ്ട പൂനെയിലെ നാഷണൽ ഇൻസ്റിറ്റ്യൂട് ഓഫ് വൈറോളജിയുടെ അനുമതി ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. എം പിമാരായ ടി എൻ പ്രതാപനും രമ്യ ഹരിദാസും ഇത് സംബന്ധിച്ച് മന്ത്രിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

        ഇന്ത്യയിൽ ആദ്യത്തെ കൊറോണവൈറസ് ബാധ റിപ്പോർട്ട് ചെയ്തത് തൃശൂരിൽ ആയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസവും ഒരാളിൽ ഈ രോഗം സ്ഥിതീകരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നതും കേരളത്തിലാണ്. നിലവിൽ ഈ ടെസ്റ്റ് ചെയ്യാൻ സംസ്ഥാനത്ത് അനുമതിയുള്ളത് ആലപ്പുഴയിൽ മാത്രാണ്. ഡി എം ഒ വഴി ആലപ്പുഴയിൽ എത്തിച്ചാണ് ഈ ടെസ്റ്റുകൾ നടത്തിവരുന്നത്. ഇത് മധ്യകേരളം മുതൽ വടക്കൻ കേരളത്തിലേക്കുള്ള പ്രതിരോധ നടപടികളെ  താമസിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. ഈ സാഹചര്യങ്ങൾ മുൻനിർത്തി തൃശൂർ മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ ഇത്തരം ടെസ്റ്റുകൾക്കുള്ള അനുമതി വേണമെന്നാണ് ആവശ്യം. 

      തൃശൂർ മെഡിക്കൽ കോളേജ് കേന്ദ്രമാക്കി ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങണമെന്ന ആവശ്യം ടി എൻ പ്രതാപൻ എം പി നേരത്തേ ലോകസഭയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധനകൾ നടത്തി അതിന്റെ നിലവാരം പഠിക്കാൻ അവിടേക്ക് തന്നെ സാംപിളുകൾ അയച്ചുകൊടുത്തിരിക്കുകയാണ് തൃശൂരിലെ വൈറോളജി ലാബ്. നിലവിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഈ ലാബിനുണ്ട്. അനുമതിയുടെ കാര്യം മന്ത്രി ഉറപ്പ് പറഞ്ഞ സ്ഥിതിക്ക് വൈകാതെ തൃശൂരിലെ വൈറോളജി ലാബിൽ സ്വാബ് ടെസ്റ്റുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം എം പിമാർ പറഞ്ഞു.

Comments are closed.