1470-490

ഗുരുവായൂർ ക്ഷേത്രോത്സവം;ഉത്സവബലി ഉത്സവം എട്ടാം ദിവസമായ വെള്ളിയാഴ്ച്ച നടന്നു.

ഉത്സവബലി ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിന് മുന്നിലെ വലിയ ബലികല്ലിൽ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ബലി തൂവുന്നു


ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ ഏറ്റവും പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി ഉത്സവം എട്ടാം ദിവസമായ വെള്ളിയാഴ്ച്ച നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.  രാവിലെ പന്തീരടിപൂജക്കുശേഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു താന്ത്രികമന്ത്രധ്വനികളോടെ ഉത്സവബലി നടന്നത്. ഗുരുവായൂരപ്പന്റെ ഭൂതഗണങ്ങളെ മുഴുവൻ പാണികൊട്ടി മന്ത്രപുരസ്സരം ആവാഹിച്ച് വരുത്തി ബലികൊടുത്ത് തൃപ്തിപ്പെടുത്തുന്നതാണ് ഉത്സവബലി. മുപ്പത്തിമുക്കോടി ദേവൻമാരും ഭഗവത്ദർശനത്തിന് ഉത്സവബലി  സമയത്ത് എത്തുമെന്നാണ് സങ്കൽപ്പം. ഇതുകൊണ്ടുതന്നെ അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്. ഗുരുവായൂരപ്പനെ സാക്ഷി നിർത്തിയായിരുന്നു ബലിതൂവൽ ചടങ്ങ്. നാലമ്പലത്തിനകത്ത് തെക്കേമുറ്റത്ത് ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തിയ ശേഷം സപ്തമാതൃക്കൾക്ക് ബലി തൂവി. തുടർന്ന് ബലിവട്ടത്തിലെ ബലിപീഠങ്ങളിൽ നിവേദ്യങ്ങൾ പൂജിച്ചു. കൊടിമരത്തിൽ സാന്നിദ്ധ്യമുള്ള ഗരുഡസ്വരൂപിയായ വൈനതേയനും, വലിയ ബലിക്കല്ലിൽ സാന്നിദ്ധ്യമുള്ള പന്ത്രണ്ട് ദേവതകൾക്കുള്ള പൂജകൾ നടത്തി. ഈ പൂജയ്ക്കുമാത്രമായി ഒരു മണിക്കൂറിലധികം സമയം എടുത്തു. ക്ഷേത്രപാലകനുള്ള പൂജയോടെയായിരുന്നു ഉത്സവബലി ചടങ്ങുകൾ സമാപിച്ചത്. ആനപുറത്ത് എഴുന്നള്ളിയ ഗുരുവായൂരപ്പനെ സാക്ഷി നിർത്തിയായിരുന്നു ഉത്സവബലി ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട ചടങ്ങുകൾ നടക്കും.

Comments are closed.