1470-490

കുപ്രസിദ്ധ ക്രിമിനൽ പല്ലൻ ഷൈജുവിന്റെ കൂട്ടാളി കഞ്ചാവുമായി പിടിയിൽ

ചാലക്കുടി: വിൽപനക്കെത്തിച്ച കഞ്ചാവുമായി ഒരാളെ ചാലക്കുടി ഡി വൈ എസ് പി സി.ആർ സന്തോഷും സംഘവും പിടികൂടി. വെള്ളികുളങ്ങര ഒമ്പതുങ്ങൽ അമ്പലം പാടൻ കുമാരന്റെ മകൻ നിഖിൽ (23 വയസ്) ആണ് പിടിയിലായത്.

വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും നിർലോഭം ലഭിക്കുന്നുണ്ടെന്ന് ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒമ്പതുങ്ങൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സംശയകരമായ നിലയിൽ കണ്ട നിഖിലിനെ ചോദ്യം ചെയ്തപ്പോൾ പരുങ്ങുന്നതു കണ്ട് വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന നിലയിൽ കഞ്ചാവ് പൊതികൾ കണ്ടെടുത്തത്.

വിശദമായ ചോദ്യം ചെയ്യലിൽ ആവശ്യക്കാർക്ക് 500 രൂപക്ക് വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവ് പൊതികളാണെന്നും കഴിഞ്ഞ ദിവസം പിടിയിലായ കുപ്രസിദ്ധ ക്രിമിനൽ പല്ലൻ ഷൈജുവാണ് കഞ്ചാവ് നൽകിയതെന്നും ഇയാൾ അറിയിച്ചു.

ചാലക്കുടി ഡിവൈഎസ്പി സി.  ആർ സന്തോഷിന്റെ നേതൃത്വത്തിൽ വെള്ളിക്കുളങ്ങര എസ് ഐ റ്റി.ഡി. അനിൽ ക്രൈം സ്ക്വാഡിലെ എഎസ്ഐ മാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സീനിയർ സിപിഒമാരായ വി.യു സിൽജോ, റെജി എ.യു, ഷിജോ തോമസ് വെള്ളികുളങ്ങര സ്റ്റേഷനിലെ എ എസ് ഐ അജികുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

നിരോധിത മയക്കുമരുന്നായ കഞ്ചാവ് കൈവശം വച്ച് വിൽപന നടത്തിയ നിയമപ്രകാരം കേസെടുത്തതിനെ തുടർന്ന് നിഖിലിനെ കോടതിയിൽ ഹാജരാക്കും. വരും ദിവസങ്ങളിലും ചാലക്കുടി സബ് ഡിവിഷനു കീഴിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

Comments are closed.