1470-490

കോവിഡ് 19: തൃശൂർ ജില്ലയിൽ 1270 പേർ നിരീക്ഷണത്തിൽ

കോവിഡ് 19: ജില്ലയിൽ 1270 പേർ നിരീക്ഷണത്തിൽ
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 1270 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 1197 പേരും ആശുപത്രികളിൽ 73 പേരും നിരീക്ഷണത്തിലുളളത്. നിരീക്ഷണത്തിൽ കഴിയുന്ന 13 പേർ വ്യാഴാഴ്ച ആശുപത്രി വിട്ടു. 39 പേർക്ക് കൗൺസിലിംഗ് നൽകി.
ജില്ലയിൽ പുതുതായി പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയോടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. ആക്ട്സുമായി ചേർന്ന് ജില്ലയിലുടനീളം കൊറോണ ബോധവൽക്കരണ സന്ദേശങ്ങൾ മൈക്ക് പ്രചരണം വഴി നൽകുന്ന പരിപാടിക്ക് മാർച്ച് 13ന് തുടക്കം കുറിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ആ പ്രദേശത്ത് പ്രവർത്തിക്കുന്ന ആക്ട്‌സിന്റെ വാഹനങ്ങളിൽ മൈക്ക് പ്രചരണം നടത്തുകയും ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്യും. രാവിലെ 11 മണിക്ക് ജനറൽ ആശുപത്രി പരിസരത്ത് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്യും. മാർച്ച് 13ന് രാവിലെ ജില്ലയിലെ ഹോട്ടൽ, റിസോർട്ട് ഉടമകളുടെ യോഗം വിളിച്ചിട്ടുണ്ട്.  

വയോധികർ പ്രത്യേക ജാഗ്രത പുലർത്തണം
60 വയസ്സിന് മുകളിൽ പ്രായമുള്ളവും പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, ഹൈപ്പർടെൻഷൻ എന്നീ രോഗാവസ്ഥകളുള്ളവരും കോവിഡ് 19 രോഗം ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെട്ടവരാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. അതേസമയം, ഇവരടക്കം എല്ലാ പ്രായപരിധിയിലുള്ളവരും കൈകളുടെ വൃത്തിയും ശ്വസനസംബന്ധിയായ വൃത്തിയും പുലർത്തണം. എന്നാൽ, വയോധികൾ പ്രത്യേകിച്ച്, മറ്റ് രോഗികളിൽനിന്ന് അകലം പാലിക്കുകയും തിരക്കുള്ള സ്ഥലങ്ങളിൽ നിർബന്ധമായും പോകാതിരിക്കുകയും വേണം. ശ്വാസകോശ സംബന്ധിയായ അസുഖമുള്ള ആരുമായും അടുത്ത സമ്പർക്കം പുലർത്തരുത്. കൈകൾ പതിവായി കഴുകുകയും മറ്റ് സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുകയും വേണം.

കോവിഡ് 19: പള്ളികളിൽ അംഗശുദ്ധി വരുത്തുന്നതിനുള്ള
സൗകര്യം താൽക്കാലികമായി നിർത്തിവെക്കും
കോവിഡ് 19 ജാഗ്രതാ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ മുസ്‌ലിം പള്ളികളിൽ നമസ്‌കാരത്തിന് മുമ്പായുള്ള അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യം താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ വിളിച്ചുചേർത്ത വിവിധ സമുദായ നേതാക്കളുടെ യോഗം തീരുമാനിച്ചു. കൈ കഴുകുന്നതിനായി പള്ളികളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ സജ്ജമാക്കും. വെള്ളിയാഴ്ച നമസ്‌കാരം 15 മുതൽ 20 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കും. ഇതുസംബന്ധിച്ച് ചില പള്ളികളിൽ ഇതിനകം തന്നെ നിർദേശങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ക്രിസ്ത്യൻ പള്ളികളിലെ ധ്യാനങ്ങൾ മാറ്റിവെച്ചതായി ബന്ധപ്പെട്ടവർ യോഗത്തിൽ അറിയിച്ചു. ക്രിസ്തീയ മതപഠന ക്ലാസുകൾ, മദ്രസ ക്ലാസുകൾ എന്നിവ നടത്തില്ല. കൂട്ടം ചേർന്നുള്ള പ്രാർഥനകൾ പരമാവധി ഒഴിവാക്കാൻ കളക്ടർ അഭ്യർഥിച്ചു.
കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട പരിഭ്രാന്തിജനകമായ സന്ദേശങ്ങൾ പരത്തുന്നതിനും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ഒറ്റപ്പെടുത്തുന്നതിനും എതിരെ സമുദായ നേതാക്കൾ ബോധവത്കരണം നൽകും. നിരീക്ഷണ കാലാവധി കഴിഞ്ഞവരെ പോലും ഒറ്റപ്പെടുത്തുന്ന പ്രവണതയുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. വിവാഹ ചടങ്ങുകൾ പരമാവധി മാറ്റിവെക്കണമെന്ന് നിർദേശിച്ചു. ഹൗസ് ക്വാറൻൈറനിൽ ഉള്ളവർ വിവാഹം നടത്തരുത്. ആരാധനാലയങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ സാമഗ്രികൾ സംഭരിച്ച് വിതരണം ചെയ്യാവുന്നതാണെന്ന് കളക്ടർ നിർദേശിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന, ഡെപ്യൂട്ടി കളക്ടർ (ഡി.എം) ഡോ. എം.സി. റെജിൽ, വിവിധ സമുദായ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

സോപ്പ് ഉപയോഗിച്ച് കൈ കഴുകാം; തൂവാല മതി
കോവിഡ് 19 പ്രതിരോധത്തിന് ഹാൻഡ് വാഷുകൾ, സാനിറ്റൈസർ എന്നിവ ലഭ്യമല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. യാത്രയിലെങ്കിൽ കൈയിൽ ഒരു സോപ്പ് കരുതുക. മാസ്‌ക് ഉപയോഗം രോഗികൾക്കും അവരുമായി ഇടപഴകുന്നവർക്കും വേണ്ടി മാത്രം മതിയാകും. അല്ലാത്തവർ തൂവാലകൾ ഉപയോഗിക്കാനും അതിനു ശേഷം അവ കഴുകി അണുവിമുക്തമാക്കാനുമാണ് നിർദേശമെന്ന് ഡി.എം.ഒ അറിയിച്ചു. തൂവാല ത്രികോണാകൃതിയിൽ മടക്കി വായും മൂക്കും മറയും വിധം കെട്ടിയാൽ രോഗം പകരുന്നത് തടയാനാവും. തൂവാല മുഖത്ത് ചേർത്ത് കെട്ടിയ ഭാഗം പിന്നീട് തിരിച്ചുകെട്ടരുത്. ഉപയോഗിച്ച മാസ്‌കുകൾ അണുവാഹിനികളാവാം. അതിനാൽ അവ ഉപേക്ഷിക്കാതെ നശിപ്പിക്കണം.

കൺട്രോൾ റൂമിൽ വിളിക്കാം
കോവിഡ് 19 സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനും ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാം. ഫോൺ നമ്പർ: 9400410720, 9400408120.

അക്ഷയ കേന്ദ്രങ്ങളിൽ അണുനാശിനികൾ വെക്കാൻ നിർദേശം
കോവിഡ് 19 പ്രതിരോധത്തിന് അക്ഷയ കേന്ദ്രങ്ങളിൽ അണുനാശിനികൾ വെക്കാൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.

Comments are closed.