പക്ഷിപ്പനി പ്രതിരോധം: നിരീക്ഷണവും തുടര്‍ നടപടികളും മൂന്നു മാസം നീളും

പക്ഷിപ്പനി പ്രതിരോധം: നിരീക്ഷണവും തുടര്‍ നടപടികളും മൂന്നു മാസം നീളും
കോഴികളെയും വളര്‍ത്തു പക്ഷികളെയും ഇന്ന് മുതല്‍ കൊന്നു തുടങ്ങും
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള തുടര്‍ നടപടികള്‍ മൂന്നു മാസം നീണ്ടു നില്‍ക്കും. മാര്‍ച്ച് 14ന് രാവിലെ വളരെ നേരത്തെ തന്നെ പക്ഷിപ്പനി സ്ഥിരീകരിച്ച പരപ്പനങ്ങാടി പാലത്തിങ്ങലില്‍ നിന്നുള്ള ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കോഴികളെയും താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കല്‍ തുടങ്ങും. രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി പരപ്പനങ്ങാടി – തിരൂരങ്ങാടി നഗരസഭ പരിധികളിലെ കോഴി ഇറച്ചി വില്‍ക്കുന്ന കടകളുടെ ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കി.ഒരു കിലോമീറ്റര്‍ പരിധിയിലെ നാലു ദിശകളില്‍ നിന്നുമായി പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിലേക്ക് എന്ന രീതിയിലാകും പ്രതിരോധ നടപടി. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളായ 20 വെറ്ററിനറി സര്‍ജന്‍മാര്‍, 119 ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, 30 അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാകും പ്രവര്‍ത്തനം. മാര്‍ച്ച് 16 നുള്ളില്‍ കോഴികളെയും താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൊല്ലും. അതത് പ്രദേശങ്ങളില്‍ തന്നെ ഇവയെ സംസ്‌കരിക്കുന്നതാണ് രോഗവ്യാപനം തടയാന്‍ നല്ലത് എന്നതിനാല്‍ അതിനാണ് മുന്‍ഗണന നല്‍കുന്നത്.
ഇക്കാര്യത്തിലും നഷ്ടപ്പെടുന്ന കോഴികള്‍ക്കും താറാവുകള്‍ക്കും വളര്‍ത്തു പക്ഷികള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം നല്‍കും എന്നതും ജനങ്ങളെ അറിയിച്ച് സഹകരണം ഉറപ്പാക്കാനാണ് ശ്രമം. പക്ഷികളെ കൊന്നൊടുക്കിയതിന് ശേഷമുള്ള മൂന്ന് ദിവസം ശുചീകരണം നടത്തും. കോഴികളുടേത് ഉള്‍പ്പെടെയുള്ള കൂടുകള്‍, തീറ്റ പാത്രങ്ങള്‍, മുട്ടകള്‍ എല്ലാം പൂര്‍ണമായും നശിപ്പിക്കും. നിശ്ചയിച്ച ഒരു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചാം ദിവസം വീണ്ടും പരിശോധന നടത്തും. ഈ ഘട്ടത്തില്‍ കോഴികളെയും വളര്‍ത്തു പക്ഷികളെയും കണ്ടെത്തിയാല്‍ പിടികൂടി നശിപ്പിക്കുമെന്ന് സ്റ്റേറ്റ് ഇന്‍സിസ്റ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസിലെ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. എസ് നന്ദകുമാര്‍ പറഞ്ഞു.
ഇത്തരത്തില്‍ പിടികൂടുന്നവയ്ക്ക് നഷ്ടപരിഹാരം നല്‍കില്ല. ഇതിനെല്ലാം ശേഷം സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറും. തുടര്‍ന്നുള്ള മൂന്ന് മാസക്കാലയളവില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ പരിധിക്കുളളില്‍ 15 ദിവസം കൂടുമ്പോള്‍ റാന്‍ഡം സാബ്ലിങ് നടത്തി ഭോപ്പാലിലെയോ ബാംഗളുരുവിലെയോ ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കും. പരിശോധന ഫലം നെഗറ്റീവായാല്‍ കേന്ദ്ര സര്‍ക്കാര്‍ രോഗവിമുക്ത സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത്രയും പ്രക്രിയകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ദൗത്യം അവസാനിപ്പിക്കൂ. എന്നാല്‍ ഇക്കാലയളവിലെല്ലാം ഉദ്യോഗസ്ഥര്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എം.കെ പ്രസാദിന് ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Comments are closed.