1470-490

കോര്‍പ്പറേഷന്‍ കൊട്ടാരം പൊളിച്ച് കുടില്‍ പണിയുന്നു. മിനിറ്റ്സിലും തട്ടിപ്പെന്ന് അഡ്വ.എം.പി ശ്രീനിവാസന്‍

തൃശൂര്‍: ഒന്നര നൂറ്റാണ്ട് പഴക്കമുള്ള സംരക്ഷിത സ്മാരകമാകേണ്ടിയിരുന്ന മേനാച്ചേരി ബില്‍ഡിംഗ് തകര്‍ത്തുകളഞ്ഞിടത്ത്, കോര്‍പ്പറേഷന്‍ ജനവികാരത്തിന് വിരുദ്ധമായി ഒറ്റനിലയില്‍ വ്യാപാര ഷെഡ്ഡ് നിര്‍മ്മിക്കുന്നു.
ഇക്കാര്യത്തില്‍ മരാമത്ത് കമ്മിറ്റി തീരുമാനത്തെ തെറ്റായി വ്യഖ്യാനിച്ച അജണ്ടയില്‍ രേഖപ്പെടുത്തിയതായി സി.പി.എം നേതാവും മരാമത്ത് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ.എം.പി.ശ്രീനിവാസന്‍.
മേയറുടെ മുന്‍കൂര്‍ അനുമതികളില്‍ വെറും 1.65 കോടി രൂപ ചിലവില്‍ ഒറ്റ നിലകെട്ടിടം നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ ഒരു ചര്‍ച്ചക്കും അവസരം നല്‍കാതെ യോഗം തന്നെ ചേരാതെ കൗണ്‍സില്‍ അംഗീകരിച്ചതായി മേയര്‍ പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മഴയില്‍ മേനാച്ചേരി ബില്‍ഡിംഗിങ്ങിന്‍റെ ചെറിയൊരു മൂല ഭാഗം തകര്‍ന്നുവീണതിന്‍റെ മറവില്‍, കെട്ടിടമാകെ ഒറ്റ ദിവസംകൊണ്ട് പൊളിച്ചുകളഞ്ഞ കോര്‍പ്പറേഷന്‍ നടപടി വന്‍വിവാദമായിരുന്നു. വിവിധ സംഘടനകളും വ്യാപാരി സമൂഹവും, പരിസ്ഥിതി സ്നേഹികളും, ചരിത്രകാരന്മാരും സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ഉള്‍പ്പടെ സാംസ്കാരിക നേതാക്കളുമെല്ലാം കോര്‍പ്പറേഷന്‍ നേതൃത്വത്തിന്‍റെ അന്തംകെട്ട നടപടിയെ അതിരൂക്ഷമായി തന്നെ വിമര്‍ശിച്ചിരുന്നു.
കൗണ്‍സിലിലും പ്രശ്നം വിവാദമായപ്പോള്‍ കെട്ടിടം അപകടാവസ്ഥയിലാണെന്നും പൊളിച്ചുകളയണമെന്നുമുള്ള ജില്ലാകലക്ടറുടെ ഉത്തരവ് നടപ്പാക്കുകമാത്രമാണുണ്ടായതെന്നായിരുന്നു കോര്‍പ്പറേഷന്‍ നേതൃത്വത്തിന്‍റെ വിശദീകരണം.
സ്വരാജ് റൗണ്ടില്‍ നഗരത്തിന്‍റെ പ്രൗഢിയായിരുന്നു മൂന്ന്നില മേനാച്ചേരി ബില്‍ഡിംഗ് അതേ ശില്പഭംഗിയില്‍ പുനസ്ഥാപിക്കണമെന്നായിരുന്നു എല്ലാവിഭാഗം ജനങ്ങളും ആവശ്യമുന്നയിച്ചത്. കൗണ്‍സില്‍ കൈകൊണ്ട തീരുമാനവും അതായിരുന്നു. എന്നാല്‍ കഴിഞ്ഞ കൗണ്‍സിലില്‍ അജണ്ടയില്‍ കൊണ്ടുവന്ന ടെണ്ടര്‍ അംഗീകാരവിഷയത്തില്‍ പ്ലാനിനെ സംബന്ധിച്ച് വിശദീകരണങ്ങളൊന്നുമുണ്ടായിരുന്നില്ല. വിശദീകരണം ചോദിക്കാന്‍ കൗണ്‍സിലര്‍മാര്‍ക്കും അവസരം നല്‍കിയില്ലെന്നുമാത്രമല്ല 47 അജണ്ടകളില്‍ രാജന്‍ പല്ലനെ വേട്ടയാടാനുള്ള ആദ്യ വിഷയം കഴിഞ്ഞതോടെ ബാക്കി 46 വിഷയങ്ങളും അംഗീകരിച്ചതായി പ്രഖ്യാപിച്ച മേയര്‍ അജിത വിജയന്‍ യോഗം പിരിച്ചുവിടുകയായിരുന്നു.
തകര്‍ത്തുകളഞ്ഞ കെട്ടിടത്തിലെ വ്യാപാരികളെ അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്ന കൗണ്‍സില്‍ തീരുമാനവും ഏഴ്മാസം പിന്നിട്ടിട്ടും നടപ്പാക്കിയുമില്ല. ഒരു നിലയില്‍ കെട്ടിടപണി തീര്‍ത്തു പുനരധിവാസം നല്‍കാനാണ് ഉദ്ദേശമെന്നറിയുന്നു.
കോര്‍പ്പറേഷന്‍ ഭരണനേതൃത്വത്തിന്‍റെ നടപടി ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. സംരക്ഷിത സ്മാരക നിര്‍മ്മാണത്തില്‍ വിദഗ്ദരായ ആര്‍ക്കിടെക്ടുകളെ നിശ്ചയിച്ച് വിശദ ചര്‍ച്ച നടത്തി തയ്യാറാക്കേണ്ടിയിരുന്ന കെട്ടിടനിര്‍മ്മാണപ്ലാന്‍ ആസൂത്രണസമിതിയിലോ സ്റ്റിയറിങ്ങ് കമ്മിറ്റിയിലോ, തൃശൂരിന്‍റെ എം.എല്‍.എയുമായോ വ്യാപാരി-സംഘടനകളുമായോ ഒന്നും ചര്‍ച്ച ചെയ്യാതെ ആരോ തയ്യാറാക്കി മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കി നടപ്പാക്കുകയായിരുന്നു.
കെട്ടിടനിര്‍മ്മാണപ്ലാനില്‍ പോലും കൗണ്‍സില്‍ അംഗീകാരം തേടാതെ, തയ്യാറാക്കിയ 1,99,99,000 രൂപയുടെ എസ്റ്റിമേറ്റിന് മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കി ഭരണാനുമതിയും നല്‍കി, മേയര്‍ തന്നെ ടെണ്ടര്‍ ക്ഷണിച്ച് കിട്ടിയ ടെണ്ടറുകളുടെയും മുന്‍കൂര്‍ അനുമതികളുടേയും അംഗീകാരത്തിനായിരുന്നു 6.3.2020ന് ചേര്‍ന്ന കൗണ്‍സിലിന്‍റെ അംഗീകാരത്തിനായി വെച്ചത്. ഇതുസംബന്ധിച്ച് ഫയല്‍ പരിശോധനക്ക് പോലും ഭരണസമിതി അംഗങ്ങളെ ആരേയും അനുവദിച്ചതുമില്ല.
1.65 കോടി, 1.69 കോടി, 1.75 കോടി, 2.45 കോടിയുടെ നാല്ടെണ്ടറുകള്‍ ലഭിച്ചതില്‍ കുറഞ്ഞ ടെണ്ടറായ 1.65,02,428.95 രൂപയുടെ ടെണ്ടര്‍ അംഗീകരിക്കാനായിരുന്നു അജണ്ട.
ജനുവരി 30ന് ചേര്‍ന്ന പൊതുമരാമത്ത് കമ്മിറ്റിയുടെ നാലാംനമ്പര്‍ തീരുമാനപ്രകാരം കെട്ടിടനിര്‍മ്മാണത്തിനായി മേയര്‍ നല്‍കിയ മുന്‍കൂര്‍ അനുമതി സാധൂകരിച്ചതായും, കെട്ടിടം ഒന്നാംഘട്ടം പണിയുന്നതിന് ടെണ്ടര്‍ അംഗീകരിച്ച കൗണ്‍സിലിന്‍റെ പരിഗണനക്ക് സമര്‍പ്പിച്ചതായും അജണ്ടയില്‍ വിശദീകരിച്ചിരുന്നു.
എന്നാല്‍ ഇതുതെറ്റായ വിശദീകരണമാണെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മരാമത്ത് കമമിറ്റി അധ്യക്ഷന്‍ എം.പി ശ്രീനിവാസന്‍ നല്‍കിയ വിശദീകരണം.
ഭരണാനുമതിക്കുള്ള മേയറുടെ മുന്‍കൂര്‍ അനുമതി അംഗീകരിക്കുന്നതിന് കൗണ്‍സിലിന്‍റെ പരിഗണനക്ക് വിടാനും ടെണ്ടര്‍ നിയമാനുസൃതം അംഗീകരിക്കാന്‍ കൗണ്‍സിലിന്‍റെ പരിഗണനക്ക് വിടാനുമാണ് തീരുമാനമെന്ന് എ.പി.ശ്രീനിവാസനും, കമ്മിറ്റി അംഗങ്ങളായ കോണ്‍ഗ്രസ്സിലെ ടി.ആര്‍.സന്തോഷും ബി.ജെ.പിയിലെ വി.രാവുണ്ണിയും വിശദീകരിക്കുന്നു. മേയറുടെ മുന്‍കൂര്‍ അനുമതി കമ്മിററി പരിഗണിച്ചിട്ടേയില്ലെന്നും, അതിന് കമ്മിറ്റിക്ക് അധികാരമില്ലെന്നുമാണ് കമ്മിറ്റി അംഗങ്ങളുടെ നിലപാട്. മേയറുടെ മുന്‍കൂര്‍ അനുമതി കൗണ്‍സിലാണ് അംഗീകരിക്കേണ്ടത്. അങ്ങിനെയിരിക്കേ കമ്മിറ്റിക്ക് വിട്ടത് തന്നെ ശരിയല്ല.
കൗണ്‍സിലറിയാതെയുള്ള മേയറുടെ മുന്‍കൂര്‍ അനുമതികള്‍ തന്നെ ചട്ടവിരുദ്ധമായതിലാണ് നിയമാനുസൃതം അംഗീകരിക്കാന്‍ കുറിപ്പെഴുതിയതെന്നും അംഗങ്ങള്‍ പറയുന്നു. അതിലെ നിയമാനുസൃതം ഒഴിവാക്കി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അജണ്ടകുറിപ്പ് എഴുതിയിരിക്കുന്നതെന്നും ഇക്കാര്യ ചൂണ്ടികാട്ടി മേയര്‍ക്കും സെക്രട്ടറിക്കും കത്ത് നല്‍കുമെന്നും എം.പി ശ്രീനിവാസന്‍ അറിയിച്ചു.
മുനിസിപ്പല്‍ ചട്ടമനുസരിച്ച് അടിയന്തിര സാഹചര്യങ്ങളിലേ മേയര്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കാന്‍ അധികാരമുള്ളൂ. അതും 75,000 രൂപയുടെ വരെ പെറ്റി പണികള്‍ക്ക് മാത്രം. മാത്രമല്ല മേയര്‍ നല്‍കുന്ന ഓരോ മുന്‍കൂര്‍ അനുമതിയും തൊട്ടടുത്ത കൗണ്‍സില്‍ യോഗത്തില്‍ തന്നെ അടിയന്തിര സാഹചര്യം കാര്യകാരണസഹിതം വിശദീകരിച്ച് അംഗീകാരം നേടുകയും വേണം. അതില്ലാത്തതും നിയമവിരുദ്ധമെന്ന് മരാമത്ത് കമ്മിറ്റി അംഗങ്ങള്‍ പറയുന്നു.
ഘട്ടംഘട്ടമായി കെട്ടിടം പണിതാല്‍മതിയെന്നും കൗണ്‍സില്‍ തീരുമാനമില്ല. 31 കോടിയുടെ ടാഗോര്‍ ഹാളും, 40 കോടിയുടെ വൈദ്യുതി ഭവനും, 40 കോടിയുടെ കോര്‍പ്പറേഷന്‍ ഓഫീസുകളും 15-20 കോടി ചിലവ് വരുന്ന മറ്റ് നാല് കല്ല്യാണമണ്ഡപങ്ങളും ഒറ്റയടിക്ക് പണിയാന്‍ നടപടികള്‍ നടക്കുമ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ വാണിജ്യ സമുച്ചയമായ മേനാച്ചേരി ബില്‍ഡിംഗ് ഒരു നിലയില്‍ വെറും 1.65 കോടി ചിലവില്‍ പണിയാനുള്ള നടപടിയും അത്ഭുതം ഉണ്ടാക്കുന്നതാണ്. അര ഏക്കര്‍ സ്ഥലത്തുളള മേനാച്ചേരി ബില്‍ഡിംങ്ങിനെ പൂര്‍ണ്ണ പ്ലാന്‍ അംഗീകരിക്കുകയോ, അതിനെ ചീഫ് ടൗണ്‍ പ്ലാനറുടേയും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടേയും അംഗീകാരം വാങ്ങുകയും ചെയ്തിട്ടുമില്ല.

Comments are closed.