1470-490

വൈദ്യുത മീറ്റർ റീഡിങ്ങിനും ബില്ലടക്കലിനും മൊബൈൽ ആപ്പ് തയ്യാറാകുന്നു

കോർപ്പറേഷൻ പരിധിയിലെ വൈദ്യുത മീറ്റർ റീഡിങിനുള്ള മൊബൈൽ അപ്ലിക്കേഷൻ തയ്യാറാകുന്നു. ഇനി മീറ്റർ റീഡിങ്ങും ബില്ലടക്കലും ഒരു പോലെ സ്മാർട്ടാകും. ഈ സംവിധാനം തയ്യാറാവുന്നതോടെ മീറ്റർ റീഡ് ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ ഇ പേയ്‌മെന്റ് വെബ്സൈറ്റിൽ ബില്ല് കാണാനാകും. Tced online.in എന്ന വെബ് സൈറ്റിൽ കയറിയാൽ ബില്ല്, കുടിശ്ശിക ബിൽ, പലിശ, അടച്ച ബില്ലിന്റെ വിവരങ്ങൾ എന്നിവ അറിയാനാകും.ഇതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ എല്ലാ വീടുകളിലെയും വൈദ്യുത മീറ്ററുകളിൽ ക്യു ആർ കോഡ് പതിപ്പിക്കും. ഇതോടെ റീഡിങ് എടുക്കുന്ന ഉദ്യോഗസ്ഥൻ വീടുകളിൽ മൊബൈലുമായാണ് എത്തുക. ഇതുപയോഗിച്ച് വീടുകളിലെ മീറ്ററിലുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ തന്നെ ഉപഭോക്താവിന്റെ എല്ലാ വിവരങ്ങളും ലഭിക്കും. റീഡിംഗ് രേഖപ്പെടുത്തുമ്പോൾ ഉടൻ തൃശൂർ കോർപ്പറേഷൻ ഇലക്ട്രിക്കൽ വകുപ്പിന്റെ സോഫ്റ്റ്‌വെയറിലെ ഡാറ്റാ ബേസിലേക്ക് നേരിട്ട് ഇത് എൻട്രി ചെയ്യപ്പെടും. സമയ ലാഭത്തിന് പുറമെ പൂർണമായും കടലാസ് രഹിതമാകും ഇതോടെ മീറ്റർ റീഡിങ്. അച്ചടി ചിലവും കുറയും. ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് ബില്ല് മെസേജായി അയയ്ക്കാനും ഇതോടെ സാധിക്കും. കോർപ്പറേഷൻ പരിധിയിലെ ചെറുതും വലുതുമായ 40,000 വൈദ്യുത ഉപഭോക്താക്കൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

Comments are closed.